സാന്‍ ഫ്രാന്‍സിസ്‌കോ:ആഗോള സോഫ്‌റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്‌റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപണ്‍ എഐ അതിനൂതന മോഡല്‍ പ്രഖ്യാപിച്ചു. ഇമേജുകളും ടെക്‌സ്‌റ്റ് ഇന്‍പുട്ടുകളും സ്വീകരിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ പതിപ്പായ ജിപിടി- 4 ആണ് കമ്പനി പ്രഖ്യാപിച്ചത്. തങ്ങള്‍ ജിപിടി-4 നിര്‍മിച്ചുവെന്നും ഇത് ആഴത്തിലുള്ള പഠനത്തിനായുള്ള ഓപണ്‍ എഐയുടെ ശ്രമത്തിലെ പുതിയ നാഴികക്കല്ലാണെന്നും കമ്പനി ബ്ലോഗ്‌സ്‌പോസ്‌റ്റിലൂടെ അറിയിച്ചു.
ജിപിടി-4 ചില്ലറക്കാരനല്ല:ഞങ്ങളുടെ തന്നെ ചാറ്റ് ജിപിടിയില്‍ നിന്നും അതിന്‍റെ പ്രതികൂല ടെസ്‌റ്റിങ് പ്രോഗ്രാമില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആറുമാസം ചെലവഴിച്ചും ആവര്‍ത്തിച്ച് വിന്യസിച്ചുള്ളതുമാണ് ജിപിടി-4. അതിന്‍റെ ശ്രമഫലമായി കൃത്യത, സ്‌റ്റിയറബിലിറ്റി എന്നിവയില്‍ എക്കാലത്തെയും മികച്ച ഫലം ലഭിച്ചുവെന്നും കമ്പനി അറിയിച്ചു. മുന്‍ പതിപ്പായ ജിപിടി-3.5 നെ അപേക്ഷിച്ച്, പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മോഡല്‍ കൂടുതല്‍ വിശ്വസനീയവും സർഗാത്മകവും സങ്കീർണമായ നിർദേശങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതുമാണെന്നും കമ്പനി വ്യക്തമാക്കി. ബെഞ്ച് മാർക്ക് അധിഷ്‌ഠിത നിർമാണമോ അധിക പരിശീലന രീതികളോ ഉൾപ്പെടുന്ന ഏറ്റവും അത്യാധുനിക സ്‌റ്റേറ്റ് ഓഫ് ദ ആര്‍ട് (എസ്‌ഒടിഎ) മോഡലുകളായ ജിപിടി-4, നിലവിലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ (എല്‍എല്‍എം) മറികടക്കുന്നുവെന്നും കമ്പനി വിശദീകരിച്ചു.
പരീക്ഷിച്ച 26 ഭാഷകളില്‍ 24 എണ്ണത്തിലും ജിപിടി-4, കുറഞ്ഞ രേഖകളുള്ള ലത്വിയൻ, വെൽഷ്, സ്വാഹിലി ഭാഷകളിലുള്‍പ്പടെ ജിപിടി-3.5 ന്‍റെ ഇംഗ്ലീഷ് ഭാഷ പ്രകടനത്തെയും, ഷിന്‍ഷില്ല, പാ എല്‍എം എന്നീ എല്‍എല്‍എമ്മുകളെയും മറികടക്കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. പിന്തുണ, വിൽപന, കണ്ടന്‍റ് മോഡറേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കമ്പനി പോലും ഉപയോഗപ്പെടുത്തുന്നത് ഇവയാണെന്നും മൈക്രോസോഫ്‌റ്റ് കൂട്ടിച്ചേര്‍ത്തു.
എന്താണ് പ്രത്യേകത: ടെക്‌സ്‌റ്റ് മാത്രം ഉപയോഗിക്കാവുന്ന മുന്‍ ക്രമീകരണത്തെക്കാള്‍ ഉപരി പുതിയ മോഡലിന് ടെക്‌സ്‌റ്റും ഇമേജുകളുമുള്ള ഒരു പ്രോംപ്‌റ്റ് സ്വീകരിക്കാൻ കഴിയുമെന്നതും ജിപിടി-4 ന്‍റെ സവിശേഷതയാണ്. എന്നാല്‍ ജിപിടി-4 ന്‍റെ പ്രാഥമിക മോഡല്‍ എന്നത് മുന്‍ ജിപിടി മോഡലുകള്‍ പോലെ തന്നെയാണുള്ളത്. കൂടാതെ അനുവാദം ആവശ്യമുള്ളതും പൊതുവായി ലഭ്യമായതുമായ ഡാറ്റ ഉപയോഗിച്ചാണ് ഇത് പരിശീലിപ്പിച്ചിരിക്കുന്നതും. ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രൈബേഴ്‌സിന് chat.openai.com വഴി ജിപിടി-4 ലഭ്യമാകുമെന്നും അതേസമയം ഡെവലപ്പര്‍മാര്‍ക്ക് ജിപിടി-4 ന്‍റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫേസ് (എപിഐ) വെയ്‌റ്റ്ലിസ്‌റ്റിനായി സൈന്‍ അപ്പ് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. നിരവധി ആപ്ലിക്കേഷനുകൾ എത്തിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മൂല്യവത്തായ ഉപകരണമായി ജിപിടി-4 മാറുമെന്ന് പ്രത്യാശിക്കുന്നതായും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.
അതേസമയം ഈ മാസം ആദ്യമാണ് ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫേസിലൂടെ (എപിഐ) ചാറ്റ് ജിപിടി, വിസ്‌പര്‍ എന്നിവ തേര്‍ഡ് പാര്‍ട്ടി ഡവലപ്പേഴ്‌സിന് അവരുടെ ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കുമായി ഇന്‍റഗ്രേറ്റ് ചെയ്യാനായി അനുവദിക്കുമെന്ന് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപണ്‍ എഐ അറിയിച്ചത്. ഇതിലൂടെ ഡവലപ്പേഴ്‌സിന് ഏറ്റവും ആധുനികമായ ലാംഗ്വേജും, സ്‌പീച്ച് ടു ടെക്‌സ്‌റ്റ് ഫീച്ചറുകളുമാണ് ലഭ്യമായിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.