'ഭൂഗോളത്തിന്‍റെ സ്‌പന്ദനം കണക്കിലാണ്, വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം'. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌ഫടികം എന്ന ചിത്രത്തില്‍ 'ചാക്കോമാഷ്' പറഞ്ഞുവച്ച വാക്കുകളാണിത്. ഈയൊരു ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ കുറവായിരിക്കും. ദൈനംദിന ജീവിതത്തില്‍ 'ഗണിതം' പല രൂപത്തിലാണ് നമ്മളിലൂടെ കടന്നുപോകുന്നത്.
മനുഷ്യ ജീവിതത്തില്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഗണിതത്തെ ഓര്‍ത്തെടുക്കാനും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളര്‍ത്താനുമായി ഒരു ദിനമുണ്ട്. അതാണ്, എല്ലാ ഡിസംബര്‍ 22നും ദേശീയ ഗണിത ദിനമായി (National Mathematics Day) ആചരിക്കുന്നത്. രാജ്യം കണ്ട എക്കാലത്തെയും പ്രഗത്ഭനായ ഗണിതശാസ്‌ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍റെ (Srinivasa Ramanujan) ജന്മദിനത്തിന്‍റെ സ്‌മരണാര്‍ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്.
പലരെയും അതിശയിപ്പിക്കുന്ന കഥകളാണ് ഇന്ത്യന്‍ ഗണിത ശാസ്ത്രത്തിന് പറയാനുണ്ടാകുക. എന്നാല്‍, അതില്‍ നിന്നും വേറിട്ടൊരു കഥയാണ് ശ്രീനിവാസ രാമാനുജന്‍റേത്. ഗണിത ശാസ്‌ത്രത്തിന് ഇന്ത്യ എന്ന രാജ്യം നല്‍കിയ പകരംവയ്‌ക്കാനില്ലാത്ത സംഭാവനയാണ് രാമാനുജന്‍.
1887ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലുള്ള ഈറോഡിലെ ഒരു കുഞ്ഞുഗ്രാമത്തില്‍ ജനിച്ച കുട്ടി. തന്‍റെ 15-ാം വയസില്‍ സിനോപ്‌സിസ് ഓഫ് എലിമെന്‍ററി റിസൾട്‌സ് ഇൻ പ്യുവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് (Synopsis of Elementary Results in Pure and Applied Mathematics) എന്ന ജോർജ്ജ് കാറിന്‍റെ (George Shoobridge Carr) പുസ്‌തകം വായിക്കുന്നു. ആ പുസ്‌തകത്തിലൂടെയാണ് ശ്രീനിവാസ രാമാനുജന്‍ ഗണിതത്തിന്‍റെ മാന്ത്രിക വലയത്തിനുള്ളില്‍ അകപ്പെട്ടത്. ജോർജ്ജ് കാറിന്‍റെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കായി രാമാനുജന്‍ തലപുകഞ്ഞ് ആലോചിച്ചു. ഉത്തരങ്ങളിലേക്ക് എത്താന്‍ പുതിയ വഴികള്‍ തേടി.