കേപ് കനാവറൽ : എഞ്ചിന്‍ തകരാര്‍ മൂലം ഉണ്ടായ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നാസയുടെ പുതിയ ചാന്ദ്രദൗത്യം ആർട്ടിമിസ് 1 നിര്‍ത്തിവച്ചു. ഇന്ന് വൈകിട്ട് 6.5ന് വിക്ഷേപിക്കേണ്ടിയിരുന്ന റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ കണ്ടെത്തിയത്. കലാവസ്ഥയില്‍ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം അധികം നിറയ്‌ക്കേണ്ടി വന്നതാണ് പ്രശ്‌നത്തിന് കാരണം.
ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫ്യുവല്‍ ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ദൗത്യം തത്‌കാലം നിര്‍ത്തി വച്ചതായി നാസ അറിയിച്ചു.
എഞ്ചിന്‍ തകരാര്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. അര നൂറ്റാണ്ടിന് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ പുതിയ ദൗത്യം ആവിഷ്‌കരിച്ചത്. നാസയുടെ അപ്പോളോ പ്രോഗ്രാമിന് ശേഷം ചന്ദ്രനിലേക്ക് പരീക്ഷണാർഥത്തിൽ മനുഷ്യർ ഇല്ലാതെയാണ് ആർട്ടിമിസ് 1വിക്ഷേപിക്കുന്നത്. വൈബ്രേഷൻ, കോസ്‌മിക് റേഡിയേഷൻ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾ ഘടിപ്പിച്ച ടെസ്റ്റ് ഡമ്മികളാണ് ഓറിയോൺ ക്യാപ്‌സ്യൂളിൽ ഉണ്ടായിരുന്നത്.