പെൻസിൽവാനിയ (യുഎസ്): പണ്ടുകാലത്ത് ചൊവ്വയിൽ സമുദ്രം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് അടുത്തിടെ പുറത്തുവിട്ട ഭൂപ്രകൃതിയുടെ ഭൂപടങ്ങൾ എന്ന് നാസയുടെ പഠനം. ചൊവ്വയിൽ ഇന്നത്തെ കാഠിന്യമേറിയതും തണുത്തുറഞ്ഞതുമായ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്‌തമായി, ഒരുകാലത്ത് സമുദ്രനിരപ്പിൽ ഉയർച്ചയും ഊഷ്മളവും ആർദ്രവുമായ കാലാവസ്ഥയും അനുഭവപ്പെട്ടിട്ടുണ്ട് എന്നതിന് ഭൂപടങ്ങൾ തെളിവ് നൽകുന്നു.
ഇത്രയും വിശാലമായ സമുദ്രത്തിന്‍റെ സാന്നിധ്യം ജീവന്‍റെ സാധ്യതയെ അർഥമാക്കുന്നു എന്ന് പെൻ സ്റ്റേറ്റിലെ ജിയോസയൻസസ് അസിസ്റ്റന്‍റ് പ്രൊഫസർ ബെഞ്ചമിൻ കാർഡനാസ് പറഞ്ഞു. ചൊവ്വയിലെ മുൻപത്തെ കാലാവസ്ഥയെ കുറിച്ചും കാലാവസ്ഥയിലുണ്ടായ പരിണാമത്തെ കുറിച്ചും ഭൂപടങ്ങൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ചൂടുള്ള കാലാവസ്ഥയും ഇത്രയും ദ്രാവകാവസ്ഥയിലുള്ള ജലത്തെ താങ്ങിനിർത്താൻ തക്കവണ്ണം കട്ടിയേറിയ അന്തരീക്ഷവും ഒരിക്കൽ ചൊവ്വയിൽ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാമെന്ന് കാർഡനാസ് പറയുന്നു.
ചൊവ്വയുടെ വടക്കൻ അർധഗോളത്തിൽ സമുദ്രമുണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്ര സമൂഹത്തിൽ വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. ഏകദേശം 3.5 ബില്യൺ പഴക്കമുള്ളതും, ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതും 900 മീറ്റർ കനമുള്ളതും അവശിഷ്‌ടങ്ങൾ അടിഞ്ഞുകൂടിയതുമായ തീരപ്രദേശത്തിന്‍റെ തെളിവുകൾ ഭൂപ്രകൃതിയുടെ മാപ്പ് ഉപയോഗിച്ച് ഗവേഷണ സംഘത്തിന് വ്യക്തമാക്കാൻ കഴിഞ്ഞുവെന്ന് കാർഡനാസ് അഭിപ്രായപ്പെടുന്നു.
ചൊവ്വയെ അതിന്‍റെ സ്ട്രാറ്റിഗ്രാഫിയുടെയും (ശിലാപാളികളെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖ) അവശിഷ്‌ട രേഖകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്‌തു എന്നതാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുതുമയുള്ളതുമായ കാര്യം. ഭൂമിയിൽ കാലക്രമേണ അടിഞ്ഞുകൂടുന്ന അവശിഷ്‌ടങ്ങൾ നോക്കിയാണ് ജലപാതകളുടെ ചരിത്രം വിശകലനം ചെയ്യുന്നത്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന രീതി മനസിലാക്കി ഭൂമിയിലെ മാറ്റങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ ഇത് ചൊവ്വയാണെന്ന് കാർഡനാസ് പറയുന്നു.