കേപ് കനാവറൽ: ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കി നാസ. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവയ്‌ക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കിയത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ ദൗത്യം ഇതോടെ വിജയമായി.
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഡബിൾ ആസ്‌ട്രോയിഡ് റീഡയറക്‌ഷൻ ടെസ്റ്റ് (ഡാർട്ട്). കഴിഞ്ഞ നവംബറിലാണ് ഡാർട്ട് വിക്ഷേപിച്ചത്. ഡാർട്ട് ഡൈമോർഫസിൽ ഇടിച്ചിറക്കുന്ന ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ലിസിയ എന്ന ഉപഗ്രഹമാണ് ഇടിയുടെ ദൃശ്യങ്ങൾ പകർത്തിയത്.
നാസ ദൗത്യം നിർണായകം:ദിവസത്തിൽ രണ്ട് പ്രാവശ്യമാണ് ഡൈമോർഫസ് ഭൂമിക്കും ഡിഡിമസിനും ഇടയിൽ വരുന്നത്. ഇതിൽ ഒരു സമയമായ പുലർച്ചെ 4.44 (ഇന്ത്യൻ സമയം) ആണ് നാസ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. കൃത്യസമയത്ത് ഡാർട്ട് പേടകം ഛിന്നഗ്രഹത്തിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു.
525 അടി (160 മീറ്റർ) വ്യാസമാണ് ഡൈമോർഫസിനുള്ളത്. 7 ദശലക്ഷം മൈൽ (11.3 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ഛിന്നഗ്രഹത്തിലേക്ക് 14,000mph (22,500 kph) വേഗതയിലാണ് ഡാർട്ട് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ പാറക്കഷണങ്ങളും അവശിഷ്‌ടങ്ങളും ബഹിരാകാശത്തേക്ക് പതിക്കുമെന്നും ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥത്തിൽ മാറ്റം വരുമെന്നും ശാസ്‌ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ഭൂമിക്ക് ഭീഷണിയില്ലാതെ യുഗങ്ങളായി സൂര്യനെ വലംവയ്‌ക്കുന്നതിനാലാണ് ഡിഡിമോസ്-ഡൈമോർഫസിനെ പരീക്ഷണങ്ങൾക്ക് തെരഞ്ഞെടുത്തത്. ഇടിയെ തുടർന്ന് ഡാർട്ടിന്‍റെ റേഡിയോ സിഗ്നൽ നിലച്ചു. അതിനാൽ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥത്തിലുണ്ടായ മാറ്റം നിർണയിക്കാൻ മാസങ്ങൾ എടുക്കുമെന്ന് നാസ അറിയിച്ചു. സാധാരണയായി ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്നൽ നഷ്‌ടപ്പെടുക എന്നത് നല്ല കാര്യമല്ല. എന്നാൽ ഈ സാഹചര്യത്തിൽ അത് വളരെ അനുയോജ്യമായ ഫലമായിരുന്നുവെന്ന് നാസ ശാസ്‌ത്രജ്ഞർ ടോം സ്റ്റാറ്റ്‌ലർ പറഞ്ഞു.
325 മില്യൺ ഡോളറായിരുന്നു ദൗത്യത്തിന് ചെലവ്. 11 മണിക്കൂർ 55 മിനിറ്റെടുത്താണ് ഡൈമോർഫസിസ് ഡിഡിമസിനെ ഭ്രമണം ചെയ്‌തിരുന്നത്. ഇടിച്ചിറക്കല്‍ വിജയമായതോടെ ഇനി 11 മണിക്കൂർ 45 മിനിട്ട് സമയം മതി ഡൈമോർഫസിന് ഡിഡിമസിനെ ഭ്രമണം ചെയ്യാൻ. വെറും ഒരു ശതമാനം മാത്രമാണ് ഭ്രമണസമയം കുറഞ്ഞതെന്ന് ഇപ്പോൾ തോന്നിയേക്കാം. എന്നാൽ ഇത് വർഷങ്ങൾ കണക്കുകൂട്ടിയാൽ കാര്യമായ മാറ്റത്തിന് കാരണമാകുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.
ഡിനോസറുകൾക്ക് സംഭവിച്ചത് ഇനി ആവർത്തിക്കരുത്: ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹത്തെയോ ധൂമകേതുക്കളെയോ ഭ്രമണപതം മാറ്റി വഴിതിരിച്ചുവിടാനാണ് ശാസ്‌ത്രജ്ഞർ ലക്ഷ്യമിടുന്നത്. "എന്താണ് വരാനിരിക്കുന്നത് എന്നറിയാൻ ഡിനോസറുകൾക്ക് ബഹിരാകാശ പദ്ധതി ഇല്ലായിരുന്നു. എന്നാൽ നമുക്കുണ്ട്." നാസയുടെ മുതിർന്ന കാലാവസ്ഥ ഉപദേഷ്‌ടാവ് കാതറിൻ കാൽവിൻ പറയുന്നു. ഒരു വലിയ ഛിന്നഗ്രഹ ആഘാതം മൂലമോ അഗ്നിപർവത സ്‌ഫോടനം മൂലമോ അല്ലെങ്കിൽ രണ്ടും മൂലമോ ആണ് 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഡിനോസറുകൾക്ക് വംശനാശം സംഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സൗരയൂഥത്തില്‍ ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ എല്ലാം നാസ നിരീക്ഷിക്കുന്നില്ല. നാസയുടെ കണക്കനുസരിച്ച് ഭൂമിക്ക് അപകടമാകുന്നവിധം അടുത്തുള്ള 460 അടി (140 മീറ്റർ) വരെ വ്യാസമുള്ള 25,000 ഛിന്നഗ്രഹങ്ങളിൽ പകുതിയിൽ താഴെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.