കേപ് കനാവറൽ : ലൂസി ബഹിരാകാശ പേടകം (NASA's Lucy spacecraft) വ്യാഴത്തിലേക്കുള്ള (Jupiter) ദീർഘയാത്രയിൽ 10 ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേതിനെ വിജയകരമായി നേരിട്ടതായി നാസ (NASA). ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് ലൂസി. ചൊവ്വയ്‌ക്കപ്പുറമുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിൽ ഏകദേശം 300 ദശലക്ഷം മൈൽ (480 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള താരതമ്യേന ചെറിയ ഛിന്നഗ്രഹമായ ഡിങ്കിനേഷ് (Dinkinesh) അഥവാ 'ഡിങ്കി' യെയാണ് ലൂസി മറികടന്നത്. 12 വർഷ ദൗത്യത്തിൽ പേടകം സന്ദർശിക്കുന്ന 10 ഛിന്നഗ്രഹങ്ങളിൽ (asteroid) ആദ്യത്തേതാണ് ഡിങ്കിനേഷ്.
നിലവിൽ പേടകത്തിന് തകരാറുകളൊന്നുമില്ലെന്നും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ഏറ്റുമുട്ടൽ സമയത്ത് ശേഖരിച്ച ഡാറ്റ ഡൗൺലിങ്ക് ചെയ്യാൻ ടീം ബഹിരാകാശ പേടകത്തിന് നിർദേശം നൽകിയിട്ടുള്ളതായി ഫ്ലൈബൈ സംഭവിച്ചതിന് ശേഷം നാസ ഉദ്യോഗസ്ഥർ എക്‌സിൽ കുറിച്ചിരുന്നു. സൗരയൂഥത്തിന്‍റെ ഭൂതകാല രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള നാസയുടെ കഠിന പരിശ്രമത്തിന്‍റെ ഭാഗമാണ് ലൂസി ദൗത്യം.
മുന്നിലുള്ളത് വലിയ ദൗത്യം : ഡിങ്കിനേഷിനെ പോലുള്ള ചില ഛിന്നഗ്രഹങ്ങൾ ഇനിയും നേരിടേണ്ടി വരുമെങ്കിലും വ്യാഴത്തിനൊപ്പം സൂര്യനെ ചുറ്റുന്ന കുറച്ച് ദൂരെയുള്ള ട്രോജൻ (Trojans) ഛിന്നഗ്രഹങ്ങളിലൂടെ പറക്കുക എന്നതാണ് പേടകത്തിന്‍റെ പ്രധാന ലക്ഷ്യം. ഡിങ്കനേഷിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ വലിപ്പമുള്ള എട്ട് ട്രോജനുകളെയാണ് പേടകം മറികടക്കേണ്ടത്. സൗരയൂഥത്തിന്‍റെ പുരാതന അവശിഷ്‌ടങ്ങളാണ് ട്രോജനുകൾ എന്നാണ് ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്.