കേപ് കനാവറൽ(യുഎസ്): നാസയുടെ ഓറിയോണ്‍ കാപ്‌സ്യൂള്‍ ചന്ദ്രനില്‍ നിന്നും ഭൂമിയിലേക്ക് തിരിച്ചെത്തി. മെക്‌സികോ തീരത്തിനടുത്തെ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള ദൗത്യത്തിന്‍റെ മുന്നോടിയായിട്ടുള്ള പരീക്ഷണമായിരുന്നു ഓറിയോണിന്‍റെ ബഹിരാകാശ പറക്കല്‍.
ശബ്‌ദത്തിന്‍റെ 32 മടങ്ങ് വേഗത്തിലാണ് കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. തിരിച്ച് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ 2,760 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഓറിയോണിന് അതിജീവിക്കേണ്ടി വന്നു.
ഓറിയോണ്‍ പസഫിക് സമുദ്രത്തില്‍ പതിച്ചയുടെനെ നാവികസേനയുടെ കപ്പല്‍ ഇതിനെ വീണ്ടെടുത്തു. ഓറിയോണില്‍ മൂന്ന് ഡമ്മികള്‍ ഉണ്ടായിരുന്നു. മനുഷ്യരെ വഹിക്കാന്‍ കഴിയുന്ന നാസയുടെ ബഹിരാകാശ വാഹനമാണ് ഓറിയോണ്‍.
പാരച്യൂട്ടിന്‍റെ സഹായത്തോടെ നദിയിലേക്ക് സുരക്ഷിതമായി ഓറിയോണ്‍ പതിക്കുക എന്നുള്ളത് നാസയെ സംബന്ധിച്ചിടത്തോളം മനുഷ്യനെ വീണ്ടും ബഹിരാകാശത്ത് എത്തിക്കുക എന്നുള്ള ദൗത്യം മുന്നോട്ട് കൊണ്ട് പോകുന്നതിന് അത്യാവശ്യമായിരുന്നു. ഓറിയോണിന്‍റെ അടുത്ത യാത്ര നാല് ബഹിരാകാശ യാത്രികരെ വഹിച്ച് ചന്ദ്രനെ ചുറ്റുക എന്നുള്ളതാണ്. അതിന് ശേഷം 2025ല്‍ രണ്ട് പേരെ ചന്ദ്രനില്‍ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
ആര്‍ട്ടിമെസ് ദൗത്യത്തിന്‍റെ ആദ്യ ഘട്ടം: അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഞായറാഴ്‌ചയാണ് ബഹിരാകാശയാത്രികര്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയത്. ഡിസംബര്‍ 11, 1972 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്‌തതിന് ശേഷം അപ്പോളോ 17 മിഷന്‍റെ ഭാഗമായ യൂജിൻ സെർനാനും ഹാരിസണ്‍ ഷിമിറ്റും മൂന്ന് ദിവസമാണ് ചന്ദ്രോപരിതലത്തല്‍ ചെലവഴിച്ചത്. ചന്ദ്രോപരിതലത്തില്‍ നടന്ന പന്ത്രണ്ട് പേരില്‍ അവസാനത്തെ ആളുകളാണ് ഇവര്‍.
ഇതിന് ശേഷം ചന്ദ്രനില്‍ എത്തുന്ന കാപ്‌സ്യൂള്‍ ഓറിയോണ്‍ ആണ്. നവംബര്‍ 16നാണ് കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഓറിയോണിനെ വഹിച്ചുള്ള നാസയുടെ പുതിയ ചന്ദ്ര റോക്കറ്റ് വിക്ഷേപിക്കുന്നത്. നാസയുടെ ആര്‍ട്ടിമിസ് ചന്ദ്ര ദൗത്യത്തിന്‍റെ ആദ്യ വിക്ഷേപണമാണ് ഇത്. ഗ്രീക്ക് പുരാണമനുസരിച്ച് അപ്പോളയുടെ സഹോദരിയാണ് ആര്‍ട്ടിമിസ്. നാസയുടെ അപ്പോളോ ദൗത്യമാണ് മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ചത്.
ഓറിയോണിന്‍റെ പരീക്ഷണ പറക്കലിന് 400കോടി ഡോളറാണ് ചെലവായത്. ഈന്ധന ചോര്‍ച്ചയും, ചുഴലിക്കാറ്റുമൊക്കെ വിക്ഷേപണം വൈകിപ്പിച്ചിരുന്നു. 25 ദിവസത്തെ ബഹിരാകാശ പറക്കലിന് ശേഷമാണ് ഓറിയോണ്‍ ഭൂമിയിലേക്ക് തിരിച്ച് വരുന്നത്. ഓറിയോണ്‍ വിജയകരമായി ഭൂമിയിലേക്ക് പതിച്ചതിന് ശേഷം വലിയ ആഘോഷമാണ് നാസയില്‍ ഉണ്ടായത്.
തിരിച്ചു പറക്കലിന്‍റെ സാങ്കേതികത: ഒരു മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗതയിലാണ് ഓറിയോണ്‍ ഭൂമിയിലേക്ക് തിരിച്ച് വന്നത്. അതുകൊണ്ട് തന്നെ വലിയ ചൂടാണ് ഇതുണ്ടാക്കുക. ഈ ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാനായി ഇതിന് മുമ്പ് ഒരു ബഹിരാകാശ പറക്കലിലും ഉപയോഗിച്ചിട്ടില്ലാത്ത അത്യാധുനിക കവചമാണ് ഓറിയോണില്‍ ഉപയോഗിച്ചത്.
ഭൂഗുരുത്വാകര്‍ഷണം കുറയ്‌ക്കാനായി പ്രത്യേക രീതിയിലാണ് ഓറിയോണ്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയ ഉടനെ കുറച്ച് സമയം അതില്‍ നിന്നും പുറത്തുപോയാണ് ഭൂഗുരുത്വാകര്‍ഷണം ബലം കുറച്ചത്. എവിടെയാണ് കൃത്യമായി ഇറങ്ങേണ്ടത് എന്ന് തീരുമാനിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും.
ആദ്യം നിശ്ചയിച്ചതിനേക്കാള്‍ 482 കിലോമീറ്റര്‍ തെക്കായിട്ടാണ് ഓറിയോണ്‍ പതിച്ചത്. തെക്കന്‍ കാലിഫോര്‍ണിയ തീരത്ത് പ്രക്ഷുബ്‌ധമായ നദിയും ഉയര്‍ന്ന കാറ്റും ഉണ്ടാകുമെന്ന പ്രവചനമാണ് ആദ്യം നിശ്ചയിച്ച സ്ഥലം മാറ്റാന്‍ കാരണം. 2.25 ദശലക്ഷം കിലോമീറ്ററുകളാണ് ഓറിയോണ്‍ സഞ്ചരിച്ചത്. ചന്ദ്രന്‍റെ ഭ്രമണപദത്തില്‍ ഒരാഴ്‌ചയോളം വലയം വച്ചതിന് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചത്. ചന്ദ്രന്‍റെ 130 കിലോമീറ്ററുകള്‍ക്കുള്ളില്‍ രണ്ട് പ്രാവശ്യമാണ് വന്നത്. ഭൂമിയുടെ 4,30,000 കിലോമീറ്ററുകള്‍ അകലത്തില്‍ വരെ ഇത് പോയി.
ചന്ദ്രന്‍റെ ദൃശ്യം മാത്രമല്ല ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങളും ഓറിയോണ്‍ അയച്ചു. അരിവാളിന്‍റെ ആകൃതിയിലുള്ള ചന്ദ്രന്‍റെ ഭ്രമണപദത്തില്‍ നിന്നുള്ള ദൃശ്യം ഏവരേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഈ ദൃശ്യം വീക്ഷിക്കുമ്പോള്‍ എല്ലാവരും പൂര്‍ണ നിശബ്‌ദതയില്‍ ആയിരുന്നുവെന്ന് മിഷന്‍ മേനേജര്‍ മൈക്ക് സരഫിൻപറഞ്ഞു.