കേപ് കാനവെറൽ : നാസയുടെ പുതിയ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1 ന്‍റെ വിക്ഷേപണം പൂര്‍ത്തിയായി. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ആര്‍ട്ടെമിസ് പറന്നുയര്‍ന്നത്. ചരിത്ര സംഭവമായ അപ്പോളോ ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനുള്ള പരീക്ഷണം നാസ നടത്തുന്നത്.
യന്ത്ര ചോര്‍ച്ചയുമായി ബന്ധപ്പെട്ട തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ച ദൗത്യമാണ് ഇന്ന് പൂര്‍ത്തിയായത്. റോക്കറ്റ് ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് ബഹിരാകാശത്തേക്ക് പ്രവേശിച്ചതായും ബൂസ്റ്റര്‍ റോക്കറ്റുകള്‍ സമയത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യവും നാസ പങ്കുവച്ചിരുന്നു. ഹൂസ്റ്റണിലും അലബാമയിലെ ഹണ്ട്‌സ്‌വില്ലെയിലും കൂറ്റൻ സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിച്ച ഈ ദൃശ്യം കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
ആര്‍ട്ടെമിസ് 1 ദൗത്യം :യാത്രികരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്‍റെയും സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്‍റെയും പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതാണ് ആര്‍ട്ടെമിസ് ദൗത്യം. ഈ വിക്ഷേപണത്തില്‍ യാത്രികര്‍ ഇല്ല. റോക്കറ്റ് ഒരു ശൂന്യമായ ക്രൂ ക്യാപ്‌സ്യൂളിനെയാണ് ചന്ദ്രന്‍റെ വിശാലമായ ഭ്രമണപഥത്തിലേക്ക് നയിക്കുന്നത്.
ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്ന പേടകം ആറ് ദിവസത്തോളം വലംവച്ച് വിവരങ്ങള്‍ ശേഖരിക്കും. ശേഷം പേടകം വീണ്ടും ചന്ദ്രന് അടുത്തേക്ക് നീങ്ങി ഉപരിതലത്തില്‍ നിന്ന് ഏകദേശം 95 കിലോമീറ്റര്‍ ഉയരത്തിലേക്ക് എത്തും. തുടര്‍ന്ന് പേടകത്തിലെ സര്‍വീസ് മൊഡ്യൂളിലെ എഞ്ചിന്‍റെ പ്രവര്‍ത്തന ഫലമായി ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗപ്പെടുത്തി പേടകം ഭൂമിയിലേക്ക് തിരിക്കും.