വാഷിങ്‌ടണ്‍:ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാന്‍ പദ്ധതിയിടുന്ന നാസ ബഹിരാകാശ വാഹനം ഇറക്കുന്നതിനായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പതിമൂന്ന് മേഖലകള്‍ തെരഞ്ഞെടുത്തു. ആര്‍ട്ടെമിസ് എന്നാണ് യുഎസിന്‍റെ ബഹിരാകാശ ഏജന്‍സിയായ നാസ ഈ ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. പല നിര്‍ണായക ഘടകങ്ങളും പരിഗണിച്ചാണ് ഈ പതിമൂന്ന് മേഖലകള്‍ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുത്ത ഈ പതിമൂന്ന് മേഖലകളിലും ബഹാരാകാശ വാഹനത്തിനായുള്ള ലാന്‍ഡിങ് പോയിന്‍റുകളും നിശ്ചയിച്ചിട്ടുണ്ട്. ആര്‍ട്ടിമിസ് ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിന് ആര്‍ട്ടിമിസ് III എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിമിസ് IIIന്‍റെ ഭാഗമായിട്ടുള്ള ബാഹിരാകാശ യാത്രിക സംഘത്തില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
ആര്‍ട്ടെമിസ് ദൗത്യത്തിന്‍റെ നിര്‍ണായക ചുവടുവെപ്പാണ് പര്യവേക്ഷണത്തിനുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാസയുടെ ആർട്ടെമിസ് കാമ്പെയ്‌ൻ ഡെവലപ്‌മെന്റ് ഡിവിഷന്‍റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ മാർക്ക് കിരാസിച്ച് പറഞ്ഞു. ഇതിന് മുമ്പുള്ള മറ്റ് പര്യവേക്ഷണത്തില്‍ നിന്ന് വ്യത്യസ്‌തമായി ചന്ദ്രന്‍റെ ഇരുണ്ട പ്രദേശങ്ങളിലേക്ക് ആദ്യമായി ബഹിരാകാശ യാത്രികര്‍ പര്യവേക്ഷണം നടത്തും . കൂടാതെ ദീര്‍ഷ നേരം മനുഷ്യന്‍ ചന്ദ്രനില്‍ കഴിയുന്നതിന്‍റെ ആദ്യകാല്‍വെപ്പുമായിരിക്കും ഇതെന്നും മാർക്ക് കിരാസിച്ച് പറഞ്ഞു
ആർട്ടെമിസ് III ചന്ദ്രനില്‍ ഇറങ്ങുന്നതിനായി തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ ഇവയാണ്: ഫൗസ്റ്റിനി റിം എ, പീക്ക് നിയർ ഷാക്കിൾട്ടൺ, കണക്റ്റിംഗ് റിഡ്‌ജ് , കണക്റ്റിംഗ് റിഡ്‌ജ് എക്സ്റ്റൻഷൻ, ഡി ഗെർലാഷെ റിം 1, ഡി ഗെർലാഷെ റിം 2, ഡി ഗെർലാഷെ-കോച്ചർ മാസിഫ്, ഹാവോർത്ത്, മലാപെർട്ട് മാസിഫ്, ലെയ്‌ബ്‌നിറ്റ്സ് ബീറ്റ പീഠഭൂമി, നോബിൽ റിംസ് 1, നോബിൽ റിംസ് 2,ആമുണ്ട്സെൻ റിം.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന്‍റെ ആറ് ഡിഗ്രി അക്ഷാംശത്തിനകത്താണ് ഈ പ്രദേശങ്ങള്‍ . എന്നാല്‍ ഇവ ഭൂമിശാസ്ത്രപരമായി വ്യത്യസ്‌ത സവിശേഷതകൾ ഉള്ളവയാണ്. പല പരിതസ്ഥിതികളില്‍ ബഹിരാകാശ വാഹനം ഇറക്കുന്നതിനുള്ള ലാന്‍ഡിങ് പോയിന്‍റുകള്‍ ഈ പ്രദേശങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ ഏത് മാസത്തില്‍ വിക്ഷേപണം നടത്തിയാലും ബഹിരാകാശ വാഹനം ഇറക്കാനുള്ള അനുയോജ്യമായ ലാന്‍ഡിങ് പോയിന്‍റുകള്‍ ഈ മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.