വാഷിങ്‌ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്കിന് പ്രതിമാസം 8 ഡോളർ (661 രൂപ) നല്‍കണമെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (25.10.2022) അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ പരിഷ്‌കരിക്കുന്നതായി അറിയിച്ചിരുന്നത്. പ്രീമിയം ഫീച്ചർ തെരഞ്ഞെടുക്കുന്നതോടെ ഉപയോക്താക്കൾക്ക് സെർച്ചിലും കമന്‍റുകളിലും മറ്റു അനുബന്ധ കാര്യങ്ങളിലും കൂടുതൽ മുൻഗണന ലഭിക്കും.
ട്വീറ്റുകൾ എഡിറ്റ് ചെയ്യുക, പഴയപടിയാക്കുക തുടങ്ങിയ അധിക ഫീച്ചറുകൾ കൊണ്ടുവരുന്ന പുതിയ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് ഉപയോക്താക്കളിൽ നിന്ന് 19.99 ഡോളർ (1652.53 രൂപ) ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ ചെയ്തതിന് പിന്നാലെയാണ് ഈ അറിയിപ്പ്. ട്വിറ്റർ ബ്ലൂ ടിക്ക് മാർക്കുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഇപ്പോഴത്തെ അന്തരം തികച്ചും അസംബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ രീതി ഉപയോക്താക്കൾക്ക് കൂടുതൽ അധികാരം നൽകുമെന്നും മസ്ക് പറഞ്ഞു.
സെർച്ച്, മെൻഷൻ, മറുപടികൾ എന്നിവയിൽ കൂടുതൽ മുൻഗണന നൽകുന്നതോടൊപ്പം തട്ടിപ്പുകൾ പ്രതിരോധിക്കാനും പുതിയ സേവനം തെരഞ്ഞെടുക്കുന്നതോടെ ഉപയോക്താക്കൾ സാധിക്കും. അതോടൊപ്പം ദൈർഘ്യമേറിയ വീഡിയോയും ഓഡിയോയും പോസ്റ്റ് ചെയ്യാനും സാധിക്കും.
പർച്ചേസിങ് പവർ പാരിറ്റിക്ക് (വാങ്ങൽ ശേഷി തുല്യത) ആനുപാതികമായി രാജ്യങ്ങളെ അനുസരിച്ച് വില ക്രമീകരിച്ചു. സബ്‌സ്ക്രിപ്‌ഷൻ നിലവിൽ വരുന്നത് കണ്ടന്‍റ് ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുന്നതിനായി ട്വിറ്ററിന് പുതിയ വരുമാന മാർഗം നൽകുമെന്നും മസ്ക് പറഞ്ഞു.
ബെസ്റ്റ്സെല്ലര്‍ ഹൊറര്‍ നോവലുകളുടെ സൃഷ്ടാവായ സ്റ്റീഫൻ കിങ്ങിന്‍റെ പ്രതികരണത്തോടെയാണ് പുതിയ സേവനത്തിന്‍റെ കൃത്യമായ വിവരങ്ങളുമായി മസ്‌ക് രംഗത്തെത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ''എന്‍റെ നീല ടിക്ക് നിലനിർത്താൻ പ്രതിമാസം ഇരുപത് ഡോളറോ? അവർ എനിക്കാണ് പണം തരേണ്ടത്. ഇത് വന്നാല്‍ ഇൻറോണിന്‍റെ അവസ്ഥയാകും". ഇതായിരുന്നു ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് കിങ്ങിന്‍റെ പ്രതികരണം.
സ്റ്റീഫന്‍ കിങ്ങിന്‍റെ ട്വീറ്റിനോട് പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. "ഞങ്ങൾക്ക് എങ്ങനെയെങ്കിലും ബില്ലുകൾ അടയ്ക്കണം, ട്വിറ്ററിന് പൂർണമായും പരസ്യദാതാക്കളെ ആശ്രയിക്കാൻ കഴിയില്ല. 8 ഡോളര്‍ ആയാലോ? - മസ്‌ക് തന്‍റെ സ്റ്റീഫന്‍ കിങ്ങിനുള്ള മറുപടി ട്വീറ്റില്‍ ചോദിക്കുന്നു.
ചില പ്രസാധകരിൽ നിന്നുള്ള പരസ്യ രഹിത ലേഖനങ്ങൾ കാണുന്നതിനും വായിക്കുന്നതിനും വ്യത്യസ്‌ത നിറത്തിലുള്ള ഹോം സ്‌ക്രീൻ ഐക്കൺ പോലെ ആപ്പിൽ മറ്റ് മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള ഒരു മാർഗമായി ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷം മുൻപ് തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സോഷ്യൽ മീഡിയ സേവനം സ്വകാര്യമായി വാങ്ങാനും ഏറ്റെടുക്കാനുമുള്ള മസ്‌കിന്‍റെ നിർദേശം ട്വിറ്റർ അംഗീകരിച്ചത്. എന്നാൽ സേവനത്തിലെ സ്‌പാമുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും എണ്ണം വേണ്ടത്ര വെളിപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് ആരോപിച്ച മസ്‌ക് ജൂലൈയിൽ കരാറിൽ നിന്നും പിൻവാങ്ങിയിരുന്നു.
കരാർ അവസാനിപ്പിക്കൽ പ്രഖ്യാപനം മസ്‌ക് പുറത്തുവിട്ടതിന് പിന്നാലെ വിപണിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. കരാറിൽ നിന്നും പിൻവാങ്ങിയ മസ്‌കിനെതിരെ ട്വിറ്റർ നിയമ നടപടിയുമായി മുന്നോട്ട് പോയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്‌ചയാണ് മുൻനിശ്ചയിച്ചത് പ്രകാരം ഒരു ഷെയറിന് 54.20 ഡോളർ എന്ന വിലയിൽ ട്വിറ്റർ വാങ്ങലുമായി മുന്നോട്ട് പോകുമെന്ന് മസ്‌ക് സ്ഥിരീകരിച്ചത്.