ന്യൂഡല്‍ഹി:ഇന്ത്യയിലെ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സബ്‌സ്‌ക്രിപ്‌ഷനുകളില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 40 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും ഇന്ത്യയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ദ്രുതഗതിയിലാണ് ഇന്ത്യയില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം വര്‍ധിച്ചത്.
മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ വേഗത്തിലുള്ള ഇത്തരം വളര്‍ച്ച മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചു. 1.17 ബില്യണിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ വിപണിയിലെ രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ അതായത് 2014ല്‍ 248 ദശലക്ഷം സബ്‌സ്‌ക്രിപ്‌ഷനുകളായിരുന്ന ഇന്ത്യയില്‍ 2022 സെപ്‌റ്റംബര്‍ ആയപ്പേഴേക്കും അത് 820 ദശലക്ഷമായി വര്‍ധിച്ചു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഇന്ത്യയിലെ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സബ്‌സ്‌ക്രിപ്‌ഷന്‍ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണില്‍ അധികമാകുമെന്നാണ് വിലയിരുത്തല്‍. ആഗോള വളര്‍ച്ച നിരക്ക് പരിശോധിക്കുകയാണെങ്കില്‍ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് വിപണിയില്‍ ഇന്ത്യ രണ്ടാമത്തേത് മാത്രമല്ല. അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിലുമാണ് ഇന്ത്യ. 2014 നും 2021നും ഇടയില്‍ 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ആഗോള മൊബൈല്‍ ബ്രോഡ് ബാന്‍ഡ് വിപണിയിലെ അഞ്ച് പുതിയ ഉപഭോക്താക്കളില്‍ മൂന്നെണ്ണവും ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
3ജിയും ഇന്ത്യന്‍ ഉപയോക്താക്കളും:99 ശതമാനം ഇന്ത്യക്കാര്‍ക്കും 3ജി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് കവറേജ് ഉണ്ടെങ്കിലും ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും അത് ഉപയോഗപ്പെടുത്തുന്നില്ലെന്ന് യുഐഡിഎഐ സിഇഒ സുഭാഷ് ഗാര്‍ഗ് പുറത്തിറക്കിയ 2023ലെ ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കണോമിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്രാമവും നഗരവും തമ്മിലുള്ള അന്തരവും ഇന്ത്യയിലെ ഡിജിറ്റല്‍ വിഭജനവുമാണ് രാജ്യത്തെ 3ജി മൊബൈല്‍ ഉപയോഗം കുറയാനുള്ള പ്രാഥമിക കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ജനസംഖ്യ ഇരട്ടിയാണ്. എന്നാല്‍ സജീവ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം നഗരത്തെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളില്‍ കുറവാണ്.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്‌ത്രീ ഉപയോക്താക്കളുടെ കണക്കെടുത്താല്‍ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. അതേസമയം ഇന്ത്യയില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ സബ്‌ക്രിപ്‌ഷനില്‍ ഇന്ത്യ പിന്നിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം ബ്രോഡ് ബാന്‍ഡ് വരിക്കാരില്‍ 97 ശതമാനവും മൊബൈല്‍ ഇന്‍റര്‍നെറ്റ് വരിക്കാരായി മാറി എന്നതാണ്.
പൊതുമേഖലയിലെ ഇന്‍റര്‍നെറ്റ് ഉപയോഗം:പൊതുമേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിക്കുന്നതിലൂടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാകുന്നുണ്ട്. ആധാര്‍, യുപിഐ, മൊബൈല്‍ നമ്പറുകള്‍ എന്നിവ അടിസ്ഥാനമാക്കി സര്‍ക്കാറിന്‍റെ വിവിധ മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ദൗര്‍ബല്യവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം പൊലീസ് സ്റ്റേഷനുകളില്‍ ഏകദേശം 97 ശതമാനം ഇന്‍റര്‍നെറ്റുമായി ബന്ധിച്ചിരിക്കുന്നു.
മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലിനൊന്നില്‍ താഴെയും സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളുടെ പകുതിയിലധികവും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നവയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്‌ച്ചറിന്‍റെ സംരക്ഷണത്തിന് ആവശ്യമാണ്. ഇന്ത്യയുടെ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സബ്‌സ്‌ക്രിപ്‌ഷന്‍ രംഗത്തുള്ള വളര്‍ച്ച ഇന്ത്യയെ വലിയ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.