കോട്ടയം : മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തങ്ങളുടെ പഠനത്തിന് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സര്ക്കാരിന്റെ പേറ്റന്‍റ്. വൈസ് ചാന്‍സലര്‍ പ്രൊഫ.സാബു തോമസിന്‍റെ നേതൃത്വത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലെ(ഐ.ഐ.യു.സി.എന്‍.എന്‍) ഗവേഷകരാണ് മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ പ്രതിരോധിക്കുന്ന പോളിമറിന്‍റെയും നാനോ കണങ്ങളുടെയും സംയുക്ത പദാര്‍ഥം വികസിപ്പിച്ചെടുത്തത്.
മൊബൈല്‍ ഫോണുകളിലെ ലോഹത്തേക്കാള്‍ ഭാരവും വിലയും കുറവ് : ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്‌ടറായ. പ്രൊഫ.സാബു തോമസിന് പുറമെ ഇതേ കേന്ദ്രത്തിലെ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. എം.ആര്‍. അജിത, പൂമാല ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡോ. എം.കെ. അശ്വതി, കൊല്ലം അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിലെ പ്രഫ. എം. പത്മനാഭന്‍, അടിമാലി കാര്‍മല്‍ഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍റ് സയന്‍സിലെ ഡോ. ലൗലി പി. മാത്യു എന്നിവരാണ് ഗവേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലോഹത്തേക്കാള്‍ ഭാരവും വിലയും കുറവുള്ളതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുമാണ് പുതിയ പദാര്‍ഥത്തിന് പേറ്റന്‍റ് ലഭിക്കുന്നതിന് സഹായകമായത്.