ഹൈദരാബാദ്:സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍പ്പെട്ട് എട്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 3 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപയും നഷ്‌ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് 50,000 രൂപ വീതവും നല്‍കും.
കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി, സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലി എന്നിവര്‍ ചൊവ്വാഴ്‌ച സംഭവ സ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച രാത്രി 9.17നാണ് സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചത്. കടയുടെ മുകളിലെ റൂബി ലോഡ്‌ജില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളാണ് മരിച്ചത്. വിജയവാഡ സ്വദേശി അള്ളാടി ഹരീഷ് (33), ഡൽഹി സ്വദേശി വീരേന്ദ്രകുമാർ ദേവകർ (50), ചെന്നൈ സ്വദേശികളായ സീതാരാമൻ (48), എൻ.ബാലാജി (58), ഡൽഹി സ്വദേശി രാജീവ് മാലിക് (54), സന്ദീപ് മാലിക് (52) ഒഡീഷയിൽ നിന്നുള്ള മിതാലി മഹാപത്ര (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വിശാഖപട്ടണം സ്വദേശികളായ കെ.വി സന്തോഷ് (26), ദേവാശിഷ് ഗുപ്ത (26), ബി യോഗിത (26), ബെംഗളൂരു സ്വദേശി ജയന്ത് (39), ചെന്നൈ സ്വദേശി കെ.കെ കേശവൻ (27), ഹരിയാന സ്വദേശി ദീപക് യാദവ് (38), കൊല്‍ക്കത്ത സ്വദേശി ഉമേഷ് കുമാര്‍ ആചാര്യ(35), ഹൈദരാബാദ് സ്വദേശി നമ്ഡമോഹന്‍ ഖന്ന (48) ഗുജറാത്തി സ്വദേശി ദീപക് യാദവ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ യശോദ, അപ്പോളോ, ഗാന്ധി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ബെംഗളൂരു സ്വദേശി ജയന്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഷോറൂമിലെ വാഹനം അമിതമായി ചാര്‍ജ് ചെയ്തതാണ് അപകടത്തിന് കാരണമായത്. അമിതമായി ചാര്‍ജ് ചെയ്ത വാഹനത്തിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ മറ്റ് വാഹനങ്ങളിലേക്ക് പടര്‍ന്നു. ഇതോടെ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരുകയും ബാറ്ററികള്‍ പൊട്ടിത്തെറിക്കുകയും ടയറുകള്‍ കത്തി നശിക്കുകയും ചെയ്‌തു.