ബെംഗളൂരു:സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് വിര്‍ച്വല്‍ സ്‌പേസ് മ്യൂസിയവുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ. ഐഎസ്‌ആർഒയുടെ ഇതുവരെയുള്ള ദൗത്യങ്ങളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. 'സ്‌പാര്‍ക്' എന്ന് പേരിട്ട മ്യൂസിയത്തിന്‍റെ ഉദ്‌ഘാടനം ഓഗസ്‌റ്റ് 10ന് ഐഎസ്‌ആർഒ ചെയർമാന്‍ എസ് സോമനാഥ് നിര്‍വഹിച്ചു.
ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ശാസ്‌ത്ര ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകളും ചിത്രങ്ങളും വീഡിയോകളുമാണ് വിര്‍ച്വല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. പുതിയ സംരംഭത്തെ ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ എസ് സോമനാഥും വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളുടെ ഡയറക്‌ടര്‍മാരും അഭിനന്ദിച്ചു.