തിരുപ്പതി :നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). രാവിലെ 10.42നായിരുന്നു വിക്ഷേപണം. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് അയച്ചത്.
ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് 51.7 മീറ്റർ ഉയരമുള്ള റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ അറിയിച്ചു. ക്രയോജനിക് അപ്പർ സ്റ്റേജുള്ള ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലേക്ക് എൻവിഎസ് എത്തിച്ചത്.
ജിഎസ്എൽവി എഫ്-12 -എൻവിഎസ് -01 : പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ റോക്കറ്റ്, 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 251 കിലോമീറ്റർ ഉയരത്തിൽ ഉദ്ദേശിച്ച ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ (ജിടിഒ) വിന്യസിച്ചു. തദ്ദേശീയമായി വികസിപ്പിച്ച റൂബീഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്‍ററാണ് പുതുതലമുറയിൽപ്പെട്ട ഗതിനിർണയ ഉപഗ്രഹത്തിനുള്ള അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചെടുത്തത്. ചുരുക്കം ചില രാജ്യങ്ങൾ മാത്രം കൈവശം വച്ചിരിക്കുന്ന ഒരു പ്രധാന സാങ്കേതിക വിദ്യയായതിനാൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്നു എന്നാണ് ഐഎസ്ആർഒയുടെ അഭിപ്രായം.
എൻവിഎസ്-01 ജിപിഎസിന് സമാനമായി കൃത്യവും തത്സമയവുമായ നാവിഗേഷൻ നൽകുന്ന ഒരു ഇന്ത്യൻ റീജിയണൽ സാറ്റലൈറ്റ് സിസ്റ്റമാണ് എൻവിഎസ്-01. 27.5 മണിക്കൂർ കൗണ്ട്‌ഡൗണിനൊടുവിലായിരുന്നു വിക്ഷേപണം. സ്ഥാനനിർണയം, നാവിഗേഷൻ, സമയം, സിവിൽ ഏവിയേഷൻ, സൈനിക ആവശ്യകതകൾ എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 01 എത്തിയത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്നായിരുന്നു നാവിക് നേരത്തെ അറിയപ്പെട്ടിരുന്നത്.