വാഷിങ്ടൺ : അമേരിക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനം 2031ൽ അവസാനിപ്പിക്കുമെന്ന് നാസ പ്രഖ്യാപിച്ചിരുന്നു. 1998ൽ ആരംഭിച്ച ദൗത്യം 2031ൽ ഡീകമ്മിഷന്‍ ചെയ്‌ത് കടലിലേക്ക് ഇടിച്ചിറക്കുന്നത് ഈ രംഗത്തെ മറ്റൊരു വിസ്‌മയമാകും.
എന്നാല്‍ സുരക്ഷിതമായി കടലിലിറക്കാനുള്ള ദൗത്യത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചാൽ അത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. പ്രവർത്തനം അവസാനിപ്പിക്കുന്ന ബഹിരാകാശ നിലയം പസഫിക് സമുദ്രത്തിലുള്ള പോയിന്‍റ് നെമോ എന്നറിയപ്പെടുന്ന പ്രദേശത്താണ് പതിക്കുക. ബഹിരാകാശ വാഹനങ്ങളുടെ സെമിത്തേരി എന്നാണ് പോയിന്‍റ് നെമോ അറിയപ്പെടുന്നത്. കരയിൽ നിന്ന് വളരെ അകലെയാണ് പോയിന്‍റ് നെമോ.
ഐഎസ്എസ് ദൗത്യം
ഐഎസ്‌എസിന്‍റെ പ്രവർത്തനങ്ങൾ പുതിയ വാണിജ്യ ബഹിരാകാശ നിലയങ്ങളിലേക്ക് മാറ്റുന്നതിനും അവശേഷിക്കുന്ന വസ്‌തുക്കളെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പല തലങ്ങളിലുള്ള ദൗത്യത്തിന്‍റെ അവസാന ഘട്ടമാണ് ഫൈൻഡിങ് പോയിന്‍റ് നെമോ.
ദൗത്യം ആരംഭിക്കുമ്പോൾ 15 വർഷത്തേക്ക് മാത്രമാണ് കാലയളവ് പറഞ്ഞിരുന്നത്. 21 വർഷത്തെ പ്രവർത്തനത്തിന് ശേഷം വിള്ളലുകളടക്കം കേടുപാടുകൾ ഉണ്ടെങ്കിലും 2030 വരെ പ്രവർത്തിക്കാൻ ബൈഡൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിലും ഇരട്ടി കാലയളവാണ് ബഹിരാകാശ നിലയം പ്രവർത്തന സജ്ജമായിരിക്കുക.
മനുഷ്യരാശിയിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ ഒഴിച്ചുകൂടാനാവാത്ത കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്ന ഐഎസ്എസ് യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ബഹിരാകാശ നിലയങ്ങളുടെ വിവിധ ഭാഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിർമിച്ചവയാണ്.