ഹൈദരാബാദ്:പ്രൊഫൈല്‍ ചിത്രത്തിനൊപ്പം (Profile Photo) ഹ്രസ്വ വീഡിയോ കൂടി പങ്കുവയ്‌ക്കാവുന്ന പുതിയ ഫീച്ചറുമായി യുവാക്കളുടെ പ്രിയ ഇടമായ ഇന്‍സ്‌റ്റാഗ്രാം (Instagram With New Feature). ഇതോടെ ഉപഭോക്താക്കള്‍ക്ക് പ്രൊഫൈല്‍ ചിത്രത്തിനൊപ്പം സെല്‍ഫി വീഡിയോ (Selfie Video) ഉള്‍പ്പടെയുള്ള ഒരു ഹ്രസ്വ വീഡിയോ, കുറിപ്പ് പോലെ ചേര്‍ത്തുവയ്‌ക്കാനാവും. മാത്രമല്ല തങ്ങളെ പിന്തുടരുന്നവരുമായി കുറഞ്ഞ വാചകങ്ങളിലൂടെ അപ്‌ഡേറ്റുകള്‍ പങ്കിടാനുള്ള സൗകര്യവും മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള ഇന്‍സ്‌റ്റാഗ്രാം സൗകര്യമൊരുക്കുന്നുണ്ട്.
അവതരിപ്പിച്ചത് ഇങ്ങനെ: പുത്തന്‍ ഫീച്ചറിനെ കുറിച്ച് ഇന്‍സ്‌റ്റാഗ്രാം മേധാവി ആദം മൊസ്സേരി തന്‍റെ ബ്രോഡ്‌കാസ്‌റ്റ് ചാനലിലൂടെയാണ് മനസുതുറന്നത്. ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് പ്രൊഫൈല്‍ ചിത്രത്തിനൊപ്പം ഒരു ഹ്രസ്വ, ലൂപ്പിങ് വീഡിയോ ഉപയോഗിച്ച് കുറിപ്പുകള്‍ പങ്കുവയ്‌ക്കാനാവും. വീഡിയോയ്‌ക്കൊപ്പം ടെക്‌സ്‌റ്റ് വഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്ത പങ്കിടാന്‍ കഴിയും. കുറിപ്പുകളായി വീഡിയോകള്‍ എത്തുന്നതോടെ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് മനസിലാക്കാനാവുമെന്നും ആദം മൊസ്സേരി പറഞ്ഞു. മാത്രമല്ല ഈ പുതിയ ഫീച്ചര്‍ എങ്ങനെ പ്രവർത്തിക്കും എന്നതിന്‍റെ ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം ബ്രോഡ്‌കാസ്‌റ്റ് ചാനലിലൂടെ പങ്കുവച്ചു.