ഹൈദരാബാദ്:സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഇതിന്‍റെ ഉപയോഗത്തെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും ഏറെ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഏറെപ്പേരുടേയും നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ കഴിയാത്തതായി മാറിയ കാലമാണിത്.
ലോക ജനസംഖ്യയുടെ 59.9 ശതമാനം അതായത് 4.8 ബില്യൺ പേര്‍ നിലവിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതില്‍ ഒരു ശരാശരി ഉപയോക്താവ് ഓരോ മാസവും ശരാശരി ആറ് മുതൽ ഏഴ് വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിൽ ഇടപഴകുകയും അവയിൽ പ്രതിദിനം ഏകദേശം രണ്ട് മണിക്കൂറും 24 മിനിറ്റും ചിലവഴിക്കുകയും ചെയ്യുന്നതായുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോകളുടെ ജനപ്രീതി അതിവേഗത്തില്‍ കുറയുന്നതായാണ് പുതിയ കണ്ടെത്തെലുകള്‍. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ഇന്‍സ്റ്റഗ്രാമും ഇക്കൂട്ടത്തിലുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്‍റേഴ്‌സാണ് (TRG Datacentres) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2023 ജൂലൈയില്‍ ലോഞ്ച് ചെയ്ത് വെറും അഞ്ച് ദിവസത്തിനകം 100 മില്യന്‍ ഉപയോക്താക്കളെ നേടിയ മെറ്റയുടെ ത്രെഡ്‌സ് ആപ്പിന് പ്രതിദിന സജീവ
ഉപയോക്താക്കളിൽ വമ്പന്‍ ഇടിവുണ്ടായതായാണ് കണക്ക്. ഇലോണ്‍ മസ്‌ക്കിന്‍റെ എക്‌സിന് (മുമ്പ് ട്വിറ്റര്‍) പകരമെന്നോണം മെറ്റ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. തുടക്കത്തില്‍ വലിയ വിജയമായ ത്രെഡ്‌സ് ഓഗസ്റ്റ് ആയപ്പോഴേക്കും പ്രതിദിന സജീവ ഉപയോക്താക്കളിൽ 80 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന ഉപയോഗം ജൂലൈയിലെ 21 മിനിറ്റിൽ നിന്ന് നവംബറിൽ വെറും മൂന്ന് മിനിറ്റായി കുറഞ്ഞുവെന്നുമാണ് കണ്ടെത്തെല്‍.