ശ്രീഹരിക്കോട്ട: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന് സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്.
മിഷന്‍ പ്രാരംഭ് എന്ന് പേരിട്ട് വിളിക്കുന്ന ദൗത്യം ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്‌പേസ്ടെക്, അര്‍മേനിയന്‍ ബസം ക്യു സ്‌പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേക്ക് കുതിച്ചുയരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാണ് വിക്രം എസിന്‍റെ വിക്ഷേപണം.
വിക്രം എസിന്‍റെ വിക്ഷേപണം രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തെ പുത്തന്‍ കുതിപ്പായി രേഖപ്പെടുത്തപ്പെടും. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്‌ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് റോക്കറ്റിന് വിക്രം എസ് എന്ന് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് പേര് നല്‍കിയത്. 'സ്റ്റാര്‍ട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്‍റെ മിഷന്‍ പ്രാരംഭ് ഏറെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അതില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും 'ഐഎന്‍എസ്‌പിഎസി (Indian National Space Promotion and Authorisation Centre) ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് ആസൂത്രണം ചെയ്‌തത് പോലെ വിക്രം എസ് 89.5 കിലോമീറ്റര്‍ ഉയരത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യൻ സ്വകാര്യമേഖലയ്ക്ക് എയ്‌റോസ്‌പേസിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു പുതിയ തുടക്കമാണിത്, നമുക്കെല്ലാവർക്കും ഇത് ചരിത്ര നിമിഷമാണെന്നും' ഗോയങ്ക കൂട്ടിച്ചേര്‍ത്തു.