ന്യൂഡല്‍ഹി : സിഗ്നലിങ് സംവിധാനത്തില്‍ വന്‍ മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സങ്കീര്‍ണമായ റെയിൽവേ ശൃംഖലയ്ക്ക് പേരുകേട്ട ഇന്ത്യന്‍ റെയില്‍വേയാണ് പരമ്പരാഗത സിഗ്നലിങ് സംവിധാനത്തില്‍ നിന്ന് മാറി ചിന്തിക്കാനൊരുങ്ങുന്നത്. തദ്ദേശീയ ആശയവിനിമയത്തില്‍ അധിഷ്‌ഠിതമായ ട്രെയിൻ നിയന്ത്രണ സംവിധാനം (ഐ-സിബിടിസി) സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎൽ) ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡും (ഡിഎംആർസി) ഒപ്പുവച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഐ-സിബിടിസി സംവിധാനം മെട്രോയിലും മറ്റ് ട്രെയിനുകളിലും ആളില്ലാ പ്രവർത്തനങ്ങള്‍ സാധ്യമാക്കും. മെട്രോ, റെയിൽ ഓട്ടോമേഷൻ മേഖലയിൽ കുതിച്ചുചാട്ടമാകുമെന്ന് വിലയിരുത്തുന്ന സംവിധാനം കേന്ദ്ര സര്‍ക്കാരിന്‍റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഊര്‍ജം നല്‍കുമെന്നും കരുതുന്നു.
മാറ്റം വരേണ്ട 'മാറ്റം': 2022 മാർച്ച് 31 ലെ കണക്കനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റൂട്ട് ദൈർഘ്യമുള്ള (68,103 കിലോമീറ്റര്‍ അഥവാ 42,317 മൈൽ) നാലാമത്തെ റെയില്‍വേ സംവിധാനമാണ് ഇന്ത്യയുടേത്. ഏഷ്യയിലെ ഏറ്റവും വലുതും ഒരു മാനേജ്‌മെന്‍റിന് കീഴിലുള്ള ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖലയും ഇന്ത്യയുടേതാണ്.
പ്രധാനമായും കളർ ലൈറ്റ് സിഗ്നലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പരമ്പരാഗത സംവിധാനം. ട്രെയിനുകളെ തിരിച്ചറിയാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെങ്കിലും അതിന്‍റെ സെക്ഷന്‍ കപ്പാസിറ്റി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഐ-സിബിടിസി സംവിധാനത്തിന്‍റെ പ്രാധാന്യം.
എന്താണ് ഐ-സിബിടിസി : സമയബന്ധിതവും കൃത്യവുമായി ട്രെയിൻ നിയന്ത്രണ വിവരങ്ങൾ കൈമാറുന്ന അത്യാധുനിക റേഡിയോ ആശയവിനിമയ സംവിധാനമാണ് ഐ-സിബിടിസി. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന സിഗ്നലിങ് സംവിധാനം എന്നതിലുപരി മെട്രോ സിഗ്നലിങ്ങിലും ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളിലുമുള്ള ഇന്ത്യയുടെ സ്വയം പര്യാപ്‌തത കൂടി പദ്ധതി അടിവരയിടുന്നു.
ഐ-സിബിടിസി സംവിധാനം ട്രെയിനും ട്രാക്ക് ഉപകരണങ്ങളും തമ്മിലുള്ള ടെലികമ്മ്യൂണിക്കേഷനുകൾ സുഗമമാക്കുന്നു. ട്രാഫിക് മാനേജ്മെന്‍റിനും ഇൻഫ്രാസ്ട്രക്‌ചർ നിയന്ത്രണത്തിനും സംവിധാനം ഉപയോഗപ്രദമാണ്. ട്രെയിനിന്‍റെ കൃത്യമായ സ്ഥാനം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഐ-സിബിടിസി പരമ്പരാഗത സിഗ്നലിങ് സംവിധാനങ്ങളേക്കാൾ മികച്ചതായാണ് കണക്കാക്കുന്നത്.
പ്രധാന നഗരങ്ങളിൽ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച്, മാസ് ട്രാൻസിറ്റ് ഗതാഗതത്തിന്‍റെ സിഗ്നലിങ് സംവിധാനങ്ങളുടെയും ആവശ്യകത വര്‍ധിപ്പിക്കുന്നു. റെയിൽവേ ട്രാഫിക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗമാണ് ഐ-സിബിടിസി. ലോകമെമ്പാടുമുള്ള നിരവധി മാസ്-ട്രാൻസിറ്റ് റെയിൽവേ ഓപ്പറേറ്റർമാർ ഐ-സിബിടിസി സംവിധാനമാണ് നിലവില്‍ ഉപയോഗിക്കുന്നത്.