പല്ലൻവാല :ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലുള്ള സൈനികർക്കായി ഇന്ത്യൻ സൈന്യം ഫിൻലാൻഡിൽ നിന്ന് ഏറ്റവും പുതിയ സ്‌നൈപ്പർ റൈഫിളുകൾ വാങ്ങി. സാക്കോ .338 ടിആർജി-42 റൈഫിളുകളാണിത്. പുതിയ സ്‌നൈപ്പർ റൈഫിളുകൾക്ക് എതിരാളിയുടെ കൈവശമുള്ളതിനേക്കാൾ മികച്ച റേഞ്ച്, ഫയർ പവർ, ദൂരക്കാഴ്‌ച എന്നിവയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിയന്ത്രണ രേഖയിലുള്ള സൈനികർക്ക് പുതിയ റൈഫിളുകളിൽ പരിശീലനം നൽകിയിട്ടുണ്ട്. സൈനികരെ കൂടുതൽ കരുത്തരാക്കുക എന്നതാണ് ലക്ഷ്യം.ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിർത്തിയിലും പട്രോളിങ് നടത്തുന്ന സൈനികർക്ക് ഒളിച്ചിരുന്ന് ഭീകരരെ വെടിവയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്.
2018നും 2019നുമിടയിൽ ഒളിച്ചിരുന്ന് ആക്രമിക്കേണ്ട സംഭവങ്ങൾ നിരവധി ഉണ്ടായി. ഇത് മികച്ച സ്നൈപ്പർ റൈഫിളുകൾ സൈന്യത്തിൽ ഉൾപ്പെടുത്താനും സൈനികരെ അതിനായി പരിശീലിപ്പിക്കാനും പ്രേരിപ്പിച്ചു.
Also Read: വ്യോമയാന മേഖലയ്ക്ക് കൊവിഡില്‍ നഷ്ടം കോടികൾ; കണക്ക് പുറത്തുവിട്ട് കേന്ദ്രം
2019ലും 2020ലും ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തിയ ബെറെറ്റയുടെ .338 ലാപുവ മാഗ്നം സ്കോർപിയോ ടിജിടി, ബാരറ്റിന്‍റെ .50 കാലിബർ എം95 എന്നീ റൈഫിളുകൾ മാറ്റിയാണ് സാക്കോ റൈഫിളുകൾ കൊണ്ടുവന്നത്. ഫിന്നിഷ് തോക്ക് നിർമാതാക്കളായ എസ്എകെഒ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു ബോൾട്ട്-ആക്ഷൻ സ്നൈപ്പർ റൈഫിളാണ് സാകോ ടിആർജി-42.
ശക്തമായ .338 ലാപുവ മാഗ്നം വലിപ്പമുള്ള കാട്രിഡ്‌ജുകൾ വെടിവയ്‌ക്കുന്നതിനാണ് റൈഫിൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വെടിയുണ്ടകളില്ലാതെ 6.55 കിലോഗ്രാം ഭാരമുള്ള ഈ സ്‌നൈപ്പർ റൈഫിളിന്‍റെ പരിധി 1,500 മീറ്ററാണ്. ലോകമെമ്പാടുമുള്ള ഏറ്റവും കൃത്യവും വിശ്വസനീയവുമായ ആയുധങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
ആർമിയുടെ യൂണിറ്റുകളിൽ നിന്നും റെജിമെന്‍റുകളിൽ നിന്നും തെരഞ്ഞെടുത്ത 10 സ്‌നൈപ്പർമാരുടെ ടീമിനെ പുതിയ റൈഫിൾ ഉപയോഗിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.