ന്യൂഡൽഹി:ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് കമ്പ്യൂട്ടർ വിദഗ്‌ധൻ ഡോ. ശിവ അയ്യാദുരൈ (59). ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്ന് ഇലോൺ മസ്‌ക് പറഞ്ഞതിന് പിന്നാലെയാണ് ശിവ അയ്യാദുരൈ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് പങ്കുവച്ചത്.
ട്വീറ്റുമായി രംഗത്തെത്തി: 'എനിക്ക് @Twitter സിഇഒ പദവി ഏറ്റെടുക്കാൻ താത്പര്യമുണ്ട്. എനിക്ക് എംഐടിയിൽ നിന്ന് 4 ഡിഗ്രിയുണ്ട്, കൂടാതെ 7 ഹൈടെക് സോഫ്റ്റ്‌വെയർ കമ്പനികൾ സൃഷ്‌ടിച്ചു. ട്വിറ്റർ സിഇഒ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള പ്രക്രിയയെക്കുറിച്ച് ദയവായി അറിയിക്കുക'- ശിവ അയ്യാദുരൈ കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി ഉപയോക്താക്കൾ സമ്മിശ്ര പ്രതികരണവുമായി രംഗത്തെത്തി. ചിലർ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റുചിലർ പരിഹസിച്ചു.
ചില്ലറക്കാരനല്ല ശിവ അയ്യാദുരൈ:ഇന്നത്തെ രൂപത്തിലുള്ള ഇ മെയിൽ സംവിധാനത്തിലുള്ള ഘടകങ്ങളോടെയുള്ള ഒരു ആദ്യകാല സോഫ്റ്റ്‌വെയറിന് രൂപം നൽകിയ ഭാരതീയനാണ് ശിവ അയ്യാദുരൈ. ബയോളജിക്കൽ എഞ്ചിനീയറിങ്ങില്‍ പിഎച്ച്‌ഡി ഉൾപ്പെടെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി) നാല് ബിരുദങ്ങൾ നേടിയ മുംബൈ സ്വദേശിയാണ് അദ്ദേഹം.
ഇ മെയിൽ സംവിധാനങ്ങളിലുപയോഗിക്കുന്ന ഇൻബോക്‌സ്, ഔട്ട്ബോക്‌സ്, ഫോൾഡറുകൾ, മെമ്മോ, അറ്റാച്ച്മെന്‍റ്, അഡ്രസ്ബുക്ക് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് 1978ലാണ് അയ്യാദുരൈ ഇന്‍റർ ഓഫിസ് മെയിൽ സിസ്റ്റം അവതരിപ്പിച്ചത്. 1982-ൽ യുഎസ് ഗവൺമെന്‍റ് അദ്ദേഹത്തിന് ഇ മെയിലിനുള്ള ആദ്യ പകർപ്പവകാശം നൽകി. അങ്ങനെ അദ്ദേഹത്തെ ഇമെയിലിന്‍റെ ഉപജ്ഞാതാവായി ഔദ്യോഗികമായി അംഗീകരിച്ചു.
ട്വിസ്റ്റ് ട്വിറ്റർ പോളിങ്ങിൽ: ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള സ്വന്തം വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം മസ്‌ക് പുതിയ ട്വിറ്റർ സിഇഒയെ തിരയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തന്‍റെ ട്വിറ്റർ മേധ്വാവിത്വം ഒഴിയണോ എന്ന ചോദ്യവുമായി 2022 ഡിസംബര്‍ 19 തിങ്കളാഴ്‌ച ട്വിറ്ററിൽ നടത്തിയ പോളിങ്ങിൽ ഭൂരിപക്ഷം ഉപയോക്താക്കളും മസ്‌കിന്‍റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ 'ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാൽ ഞാൻ രാജി വയ്‌ക്കും' എന്നായിരുന്നു മസ്‌കിന്‍റെ മറുപടി. ശേഷം 'താൻ സോഫ്‌റ്റ് വെയർ ആൻഡ് സെർവർ ടീമുകളിൽ മാത്രമേ പ്രവർത്തിക്കൂ' എന്നും മസ്‌ക് എന്ന മൾട്ടി - ബില്യണയർ കൂട്ടിച്ചേർത്തു.