എറണാകുളം: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ ബോട്ട് ‘എനർജി ഒബ്‌സർവർ’ കൊച്ചിയിലെത്തി. ഇന്തോനേഷ്യയിലെ ലങ്കാവിയിൽ നിന്നാണ് ബോട്ട് കൊച്ചിയിലെത്തിയത്. ലോകപര്യടനത്തിന്‍റെ ഭാഗമായി എനർജി ഒബ്‌സർവർ ഇന്ത്യയിൽ കൊച്ചിയിൽ മാത്രമാണ് സന്ദർശനം.
ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബോട്ട് ‘എനർജി ഒബ്‌സർവർ’ കൊച്ചിയിൽ കൊച്ചിയിൽ സംഘടിപ്പിച്ച സുസ്ഥിര ഭാവിക്കായി ഗ്രീൻ ഹൈഡ്രജൻ ശിൽപ്പശാല വേദിയിൽ എനർജി ഒബ്‌സർവറിലെ ജീവനക്കാർക്ക് സ്വീകരണം നൽകി. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി എനർജി ഒബ്‌സർവർ സന്ദർശിക്കുകയും ക്യാപ്റ്റനും ചെയർമാനുമായ വിക്ടോറിയൻ എറുസാഡുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. പ്രകൃതി സൗഹൃദമായ ഊർജസ്രോതസുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബോട്ടിന് ഏകദേശം 50.3 കോടി രൂപയാണ് നിർമാണ ചെലവ്.
വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി എനർജി ഒബ്‌സർവർ ബോട്ട് സന്ദർശിക്കുന്നു. കടൽ വെള്ളത്തിൽ നിന്ന് ഇലക്ട്രോലിസിസ് മുഖേന സ്വീകരിക്കുന്ന ഹൈഡ്രജനു പുറമേ സൂര്യപ്രകാശം, കാറ്റ്, തിരമാല എന്നിവയിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാൻ കഴിയുന്ന ലോകത്തെ ആദ്യ ബോട്ടാണിത്. യാത്ര ചെയ്യുന്ന മേഖലയിലെ സാഹചര്യത്തിന് അനുസരിച്ചാണ് ഏത് ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കണമെന്ന് എനർജി ഒബ്‌സർവർ തീരുമാനിക്കുന്നത്. സൂര്യപ്രകാശം കുറഞ്ഞ മേഖലയിൽ ഹൈഡ്രജൻ ഉപയോഗിച്ചായിരിക്കും ബോട്ടിന്‍റെ സഞ്ചാരം.
ആവശ്യാനുസരണം കാറ്റിൽ നിന്നും തിരമാലയിൽ നിന്നും ഊർജം സ്വീകരിക്കാനും എനർജി ഒബ്‌സർവറിന് കഴിയും. 2017ലാണു ഫ്രഞ്ച് നിർമിത ബോട്ടായ എനർജി ഒബ്‌സർവർ ലോക പര്യടനം തുടങ്ങിയത്. നാൽപതിലേറെ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്.