എറണാകുളം :സങ്കരപ്രതിരോധ ശേഷി(ഹൈബ്രിഡ് ഇമ്മ്യൂണിറ്റി) ഒമിക്രോൺ വൈറസിനെ ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞതായി പ്രമുഖ ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായി. വൈറസ് ബാധ ഉണ്ടായ ഒരാൾക്ക് കുത്തിവയ്‌പ്പ് എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് മൂന്നാം തരംഗത്തില്‍ യു.എസ്, യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറഞ്ഞ മരണനിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന സെന്‍റര്‍ ഫോർ ആർത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം എക്സലൻസി കെയറിൽ കൊവിഡ് ബാധിച്ചവരോ, ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന്‍ എടുത്തവരോ ആയ 2,000 പേരിൽ ഡോ.പത്മനാഭ ഷേണായിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കൊവിഡ് വരാത്ത ഒരാൾക്ക് രണ്ട് ഡോസ് കോവിഷീൽഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധ ശക്തിയേക്കാൾ മുപ്പത് മടങ്ങ് അധിക പ്രതിരോധ ശേഷി കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിനെടുത്തവരില്‍ ഉണ്ടെന്ന് പത്മനാഭ ഷേണായി മുമ്പ് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അറുപത് ശതമാനം ആളുകൾക്കും, ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള തൊണ്ണൂറ് ശതമാനം ആളുകൾക്കും കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. ഡെൽറ്റ വകഭേദത്തിലും കണക്കുകൾ സമാനമായിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി തടയുന്നില്ല.