വാഷിങ്ടൺ: സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയെ കൂടുതൽ ഉയർന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ കരാറിൽ ഒപ്പിട്ട് നാസയും സ്‌പേസ് എക്‌സും. ഭൂമിയിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള, കാലക്രമേണ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഭ്രമണപഥത്തിൽ 1990 മുതൽ പ്രവർത്തിക്കുകയാണ് ഹബിൾ.
കൂടുതൽ ഉയർന്നതും സുസ്ഥിരവുമായ ഭ്രമണപഥത്തിലേക്ക് ഹബിളിനെ പുനഃസ്ഥാപിക്കുന്നതിലൂടെ ദൂരദർശിനിയുടെ കാലാവധി കുറച്ചു വർഷങ്ങൾ കൂടി ഉയർത്താൻ സാധിക്കുമെന്ന് നാസ പറയുന്നു. വാണിജ്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികൾ മനസിലാക്കുന്നതിന് പോളാരിസ് പ്രോഗ്രാമിന്‍റെ പങ്കാളിത്തത്തോടെ സ്‌പേസ് എക്‌സ് നിർദേശിച്ചതാണ് ഈ പഠനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നാസ നടത്തുന്ന നൂതന സമീപനങ്ങൾക്ക് ഉദാഹരണമാണ് ഇതെന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്‌ടറേറ്റ് അഡ്‌മിനിസ്ട്രേറ്റർ തോമസ് സുർബുചെൻ പറഞ്ഞു.