ലോസ്ഏഞ്ചലസ്: ഇലോൺ മസ്‌ക് പ്രഖ്യാപിച്ച ട്വിറ്ററിന്‍റെ ബ്ലൂ ടിക്ക് പദ്ധതി പ്രീമിയം സേവനത്തിനായി മാർച്ച് 19ന് മുൻപ് ഉപയോക്താക്കൾ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന അന്ത്യശാസനം നൽകി ട്വിറ്റർ. പണം അടച്ചില്ലെങ്കിൽ അക്കൗണ്ടിന്‍റെ സുരക്ഷ ഫീച്ചർ നഷ്‌ടപ്പെടുമെന്നും ശനിയാഴ്‌ച പുലർച്ചെ ട്വിറ്റർ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രതിമാസം എട്ട് ഡോളറാണ് ഉപഭോക്താക്കൾ നൽകേണ്ടി വരിക. മാർച്ച് 19 മുതൽ വരിക്കാരല്ലാത്ത ഉപയോക്താക്കൾ സുരക്ഷ ഫീച്ചർ സബ്‌സ്‌ക്രൈബ് ചെയ്യുന്നതുവരെ അവരുടെ അക്കൗണ്ടുകളിൽ നിന്ന് ലോക്ക് ഔട്ട് ചെയ്യപ്പെടും. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യാത്തപക്ഷം ടെക്‌സ്‌റ്റ് മെസേജ് ടു-ഫാക്ടർ ഓതന്‍റിക്കേഷൻ വഴി തങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് സുരക്ഷിതമാക്കാനുള്ള കഴിവ് നഷ്‌ടപ്പെടുമെന്നും ട്വിറ്റർ പറയുന്നു.
എന്താണ് ടു-ഫാക്ടർ ഓതന്‍റിക്കേഷൻ?:ഒരു വെബ്സൈറ്റിലേക്കോ ആപ്ലിക്കേഷനിലേക്കോ പ്രവേശനം ലഭിക്കാൻ ഉപഭോക്താക്കൾ സ്വയമേവ സൃഷ്‌ടിച്ച പാസ്‌വേഡിന് പുറമേ ഇലക്ട്രോണിക് ജനറേറ്റഡ് പാസ്കോഡ് കൂടി നൽകേണ്ടതുണ്ട്. ഈ പാസ്കോഡ് രണ്ടാം ഘട്ടത്തിൽ നൽകിയാൽ മാത്രമാണ് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കു. ഇതിനെയാണ് ടു-ഫാക്ടർ ഓതന്‍റിക്കേഷൻ എന്ന് പറയുന്നത്. പാസ്‌വേഡിന് പുറമേ ലഭിക്കുന്ന സംരക്ഷണം അക്കൗണ്ടിനെ ഭദ്രമാക്കും. ട്വിറ്റർ ഇപ്പോൾ ബ്ലൂ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ടെക്‌സ്‌റ്റ് മെസേജ് അടിസ്ഥാനമാക്കിയുള്ള ടു-ഫാക്ടർ ഓതന്‍റിക്കേഷൻ ആണ്. സാധാരണഗതിയിൽ കോഡുകൾ മൈക്രോസോഫ്‌റ്റ് ഓതന്‍റിക്കേറ്റർ അല്ലെങ്കിൽ ഗൂഗിൾ പോലുള്ള ആപ്പുകൾ വഴി ജനറേറ്റ് ചെയ്യാനാകും.
എന്തുകൊണ്ടാണ് ട്വിറ്റർ ഇത് ചെയ്യുന്നത്?: ബുധനാഴ്‌ചയ്‌ക്ക് ശേഷമുള്ള ബ്ലോഗിൽ, ടെക്‌സ്‌റ്റ് മെസേജ് അധിഷ്‌ഠിത സുരക്ഷ രീതി തങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാകുമെന്ന് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള കമ്പനി പറഞ്ഞിരുന്നു. ഒക്ടോബറിൽ 44 ബില്യൺ യുഎസ് ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്‌ക്, കമ്പനിയെ പരമാവധി ലാഭത്തിലെത്തിക്കാനുള്ള വഴി തേടുകയാണ്. അതിലൊന്നാണ് ട്വിറ്റർ ബ്ലൂ. അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂടിക്ക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്. സെലിബ്രിറ്റികൾ, മാധ്യമപ്രവർത്തകർ, മറ്റ് പ്രശസ്‌തരായ ആളുകൾ എന്നിവർക്കായി മുമ്പ് റിസർവ് ചെയ്‌തിരുന്ന ഈ ഫീച്ചർ പണം നൽകുന്ന ആർക്കും ഇനി മുതൽ ലഭ്യമാവും.
ട്വിറ്റർ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള മറ്റ് ഓപ്‌ഷനുകൾ എന്തൊക്കെയാണ്?: ഒരു ഓതന്‍റിഫിക്കേഷൻ ആപ്പ് അല്ലെങ്കിൽ ഒരു സുരക്ഷ കീ ഒരു പാസ്‌വേഡിനപ്പുറം അക്കൗണ്ടിന്‍റെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഒരു സുരക്ഷ കീ അല്ലെങ്കിൽ ഒരു പോർട്ടബിൾ ഉപകരണം നിങ്ങൾ ഒരു ഓൺലൈൻ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ക്രമരഹിതമായ നമ്പറുകൾ ആവശ്യപ്പെടാറുണ്ട്. ഒരു ഓതന്‍റിക്കേഷൻ ആപ്പ് ഇതേ സമീപനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒരു പ്രത്യേക ഫിസിക്കൽ ഉപകരണത്തിന് പകരം, ആപ്പ് നിങ്ങളുടെ ഫോണിലാണ് ഉണ്ടാവുക എന്ന് മാത്രം. നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് സുരക്ഷിതമാക്കാൻ ഒരു ഓതന്‍റിക്കേഷൻ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ മതിയാകും. ആപ്പിൾ അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ അവ സൗജന്യമാണ്.
നിങ്ങൾക്ക് ഗൂഗിൾ അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഓതന്‍റിഫിക്കേറ്റർ ഉപയോഗിക്കേണ്ട എങ്കിൽ, Authy, Duo Mobile, 1Password എന്നിവയുൾപ്പെടെ മറ്റ് ഓപ്ഷനുകൾ ഉണ്ട്. ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തുകഴിഞ്ഞാൽ ട്വിറ്ററിന്‍റെ ഡെസ്ക്ടോപ്പ് പതിപ്പ് തുറന്ന് ഒരു സർക്കിളിൽ ദീർഘവൃത്തങ്ങൾ കാണിക്കുന്ന ഐക്കണിൽ ക്ലിക്കുചെയ്യുക. അവിടെ, നിങ്ങൾ സെറ്റിംഗ്‌സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ എത്തും. തുടർന്ന് അക്കൗണ്ട് ആക്‌സസിൽ നിങ്ങൾക്ക് ഓതന്‍റിക്കേഷൻ ആപ്പ് തിരഞ്ഞെടുക്കാൻ സാധിക്കും. നിങ്ങളുടെ ഇമെയിൽ അഡ്രസ് കൂടി ചേർക്കുന്നതോടെ ട്വിറ്ററിലേക്ക് ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഓതന്‍റിക്കേഷൻ ആപ്പിൽ നിന്ന് ജനറേറ്റ് ചെയ്‌ത സംഖ്യ കോഡുകൾ ഉപയോഗിച്ച് ടു-ഫാക്ടർ ഓതന്‍റിക്കേഷൻ പൂർത്തിയാക്കാം.