ഇന്നത്തെ കാലത്ത് ഒരാൾക്ക് അത്യാവശ്യം വേണ്ട സംഗതികളിൽ ഒന്നാണ് ഇൻഷുറൻസ് പോളിസി. ലൈഫ് ഇൻഷുറൻസ് പോളിസിയും, ഹെൽത്ത് പോളിസിയും, വാഹന പോളിസിയും അടക്കം പല തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ നമുക്ക് ലഭിക്കും. ഇത്തരത്തിൽ പോളിസികൾ ലഭ്യമാക്കാൻ നിരവധി ഇൻഷുറൻസ് കമ്പനികളും നമുക്കുണ്ട്. ഇന്ത്യയിൽ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ പ്രധാനമായി കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി കൂടിയാണ് എൽ ഐ സി.
ETV Bharat / science-and-technology
How To Get LIC Dhan Vridhi Insurance ഭാവി സുരക്ഷിതമാക്കാൻ എൽഐസിയുടെ പുതിയ ധൻ വൃദ്ധി പ്ലാൻ; കൂടുതലറിയാം - എൽ ഐ സി
Plan will be Single-premium & Non Participating : ഒറ്റത്തവണ പ്രീമിയം അടച്ചാൽ മതി എന്നതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകത. പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത പ്രീമിയത്തിന്‍റെ ഗുണിതമായ ഒരു ഇൻഷുറൻസ് പരിരക്ഷ ഈ പോളിസി നൽകുന്നു.
Published : Sep 2, 2023, 7:21 PM IST
ഇപ്പോൾ ധൻ വൃദ്ധി എന്ന പുതിയ ഇൻഷുറൻസ് പോളിസി പ്രഖ്യാപിച്ചിരിക്കുകയാണ് എൽ ഐ സി. പോളിസി ഉടമകൾക്ക് ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഒറ്റത്തവണ പ്രീമിയം അടച്ചാൽ മതി എന്നതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകത. പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത പ്രീമിയത്തിന്‍റെ ഗുണിതമായ ഒരു ഇൻഷുറൻസ് പരിരക്ഷ ഈ പോളിസി നൽകുന്നു. പോളിസി കാലയളവിനിടെ ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് ധനസഹായം നൽകും. പോളിസി മെച്യൂരിറ്റി കാലാവധിയിലേക്ക് എത്തുമ്പോൾ ഉറപ്പായ സം അഷ്വേർഡ് തുകക്കൊപ്പം അധിക ലോയൽറ്റി ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഇത് ഒരു നോൺ പാർട്ടിസിപ്പേറ്റിങ് എൻഡോവ്മെന്‍റ് പോളിസി കൂടിയാണ്.
ധൻ വൃദ്ധി പ്ലാനിന്‍റെ പ്രത്യേകതകൾ
- എൽ ഐ സി ധൻ വൃദ്ധി പ്ലാനിന് കീഴിൽ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ രണ്ട് ഓപ്‌ഷനുകൾ ലഭിക്കും. ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിയുടെ മരണത്തിൽ നൽകപ്പെടുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് ഓപ്‌ഷനുകൾ. ആദ്യത്തെ ഓപ്‌ഷനിൽ ടാബുലാർ പ്രീമിയത്തിന്‍റെ 1.25 മടങ്ങ് പരിരക്ഷ ലഭിക്കുമ്പോൾ രണ്ടാം ഓപ്‌ഷനിൽ 10 മടങ്ങ് പരിരക്ഷയാകും ലഭിക്കുക.
- ധൻ വൃദ്ധി പ്ലാനിന്‍റെ പോളിസി കാലാവധി 10 വർഷമാണ്. ഇതിനുള്ളിൽ ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി മരിച്ചാലോ, മരിക്കാതെ തന്നെ പോളിസി കാലാവധി പൂർത്തിയാക്കുകയോ ചെയ്താൽ ഇൻഷുറൻസ് തുക ലഭിക്കും.
- എല്ലാ വർഷവും ഓരോ ആയിരം രൂപയ്ക്കും 25 രൂപ മുതൽ 75 രൂപ വരെ ലോയൽറ്റി തുക പരിരക്ഷയോടൊപ്പം ചേർക്കപ്പെടും. തിരഞ്ഞെടുത്ത ഓപ്ഷൻ, അടിസ്ഥാന പരിരക്ഷ, പോളിസി ടേം എന്നിവയെ ആശ്രയിച്ച് ഈ തുക വ്യത്യാസപ്പെടും. ഓപ്ഷൻ 1-ന് കീഴിൽ 60 രൂപ മുതൽ 75 രൂപ വരെയും ഓപ്ഷൻ 2-ന് കീഴിൽ 25 മുതൽ 40 രൂപ വരെയുമാണ് ഓരോ ആയിരം രൂപയ്ക്കും വർധിക്കുക.
- ധൻ വൃദ്ധി പ്ലാൻ 10, 15, അല്ലെങ്കിൽ 18 വർഷ കാലാവധിയിലേക്കാണ് ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത കാലയളവിനെ ആശ്രയിച്ച് കുറഞ്ഞ പ്രായപരിധി 90 ദിവസം മുതൽ എട്ട് വർഷം വരെ വ്യത്യാസപ്പെടും. ഇതേ രീതിയിൽ കൂടിയ പ്രായപരിധി 32 വയസ്സ് മുതൽ 60 വയസ്സ് വരെയായിരിക്കും.
- ധൻ വൃദ്ധി പ്ലാനിന്‍റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പരിരക്ഷ 1,25,000 രൂപ ആയിരിക്കും. ഉപയോക്താക്കൾക്ക് 5,000 രൂപയുടെ ഗുണിതങ്ങളിൽ പരിരക്ഷയുടെ പരിധി വർദ്ധിപ്പിക്കാം. പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുകക്ക് പരിധിയില്ല
- ധൻ വൃദ്ധി പ്ലാനിന്‍റെ കുറഞ്ഞ വാർഷിക പ്രീമിയം 30,000 രൂപയാണ്. ഒറ്റ പ്രീമിയം തുകയായോ 1000 രൂപയുടെ ഗുണിതങ്ങളിൽ വർഷം തോറുമായോ അടയ്‌ക്കാം. പോളിസി ഒരു വർഷം പൂർത്തിയാക്കിയതിന് ശേഷം ആവശ്യമെങ്കിൽ ലോൺ ലഭ്യമാണ്. സറണ്ടർ ചെയ്യുന്നതിനുമുള്ള സൗകര്യവുമുണ്ട്. പ്രീമിയം തുകയുടെ 90 ശതമാനം സറണ്ടർ മൂല്യം ഒരു വർഷം പൂർത്തിയാകുമ്പോൾ മുതൽ ബാധകമാകും.
- അടച്ച പ്രീമിയങ്ങൾക്ക് സെക്ഷൻ 80(സി) പ്രകാരമുള്ള നികുതി ഇളവുകളും മെച്യൂരിറ്റി തുകകൾക്ക് സെക്ഷൻ 10 (10 ഡി) പ്രകാരമുള്ള നികുതി കിഴിവുകളും ലഭിക്കും.
- ധൻ വൃദ്ധി പ്ലാൻ എൽ ഐ സിയുടെ പോയിന്റ് ഓഫ് സെയിൽസ് പേഴ്‌സൺസ് വഴിയോ കോമൺ പബ്ലിക് സർവീസ് സെന്ററുകൾ വഴിയോ ഇൻഷുറൻസ് ഏജന്റുകൾ വഴിയോ വാങ്ങാം. നിബന്ധനകൾക്ക് വിധേയമായി https://licindia.in/എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും ഈ പ്ലാൻ വാങ്ങാം.