ഡിജിറ്റല്‍ പണമിടപാടുകള്‍ നമ്മുടെ രാജ്യത്ത് ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കറന്‍സി നോട്ടുകള്‍ കൈവശം സൂക്ഷിക്കേണ്ടതില്ല, ചെറുതും വലുതുമായ ഏത് തുകയും കൈമാറ്റം ചെയ്യാം തുടങ്ങിയ നേട്ടങ്ങള്‍ ഉള്ളതുകൊണ്ട് തന്നെയാണ് പലരും ഡിജിറ്റല്‍ പെയ്‌മെന്‍റ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ തട്ടിപ്പ് ഭയന്ന് ഇപ്പോഴും ഇവ ഉപയോഗിക്കാന്‍ ഭയപ്പെടുന്നവരും അധികമാണ്.
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് തന്നെ ഇതില്‍ തട്ടിപ്പുകളുടെ എണ്ണവും ഇപ്പോള്‍ കൂടുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിലവില്‍ തട്ടിപ്പുകളുടെ നിരക്ക് ഏകദേശം 28 ശതമാനമായി വർധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, വേഗതയേറിയ ഈ ലോകത്ത് ഡിജിറ്റൽ പെയ്‌മെന്‍റുകൾ ഇപ്പോൾ അനിവാര്യമായിരിക്കുന്ന സാഹചര്യമണുളളത്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകളില്‍പ്പെടാതെ നമുക്ക് രക്ഷപ്പെടാം...
ഡിജിറ്റല്‍ പെയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ്:ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി നിരവധിയായ ഡിജിറ്റൽ പെയ്‌മെന്‍റ് ആപ്ലിക്കേഷനുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. ഇവയിലൂടെ പണമിടപാട് നടത്താന്‍ വേണ്ടി നമ്മുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്ന ആപ്ലിക്കേഷന്‍റെ വിശ്വാസ്യത ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്.
നാം നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കും എന്ന് ഉറപ്പുള്ള ആപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ ഡിജിറ്റല്‍ പെയ്‌മെന്‍റ് ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നറിയാൻ തുടക്കത്തില്‍ തന്നെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധയോടെ വായിക്കണം.
സൗജന്യ വൈഫൈകള്‍ ഉപയോഗിച്ച് പണമിടപാട് വേണ്ട:ഇപ്പോള്‍ പലയിടത്തും സൗജന്യ വൈഫൈ സംവിധാനം ലഭ്യമാണ്. ഇവയിലൂടെ ഒരിക്കലും ബാങ്കിങ് അല്ലെങ്കില്‍ യുപിഐ ആപ്പുകളിലൂടെ ഡിജിറ്റല്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ ശ്രമിക്കരുത്. ഇത്തരം സൗജന്യ വൈഫൈകള്‍ മുഖേന സൈബര്‍ ക്രിമിനലുകള്‍ മറ്റുള്ളവരുടെ ഫോണുകളും മറ്റും ഹാക്ക് ചെയ്‌തേക്കാമെന്നാണ് വിദഗ്‌ദര്‍ പറയുന്നത്.
കൂടാതെ, ആപ്പുകള്‍ ഉപയോഗിക്കുന്നതിന് രണ്ട്-ഘട്ട സുരക്ഷ സംവിധാനം ഉപയോഗിക്കണം (Two Step Security). ആപ്പ് തുറക്കുമ്പോഴും പെയ്‌മെന്‍റുകള്‍ക്കുമായി വ്യത്യസ്‌ത പാസ്‌വേഡുകള്‍ വേണം സെറ്റ് ചെയ്യാന്‍. കൂടാതെ ഫിംഗര്‍പ്രിന്‍റ്, ഫേസ് ലോക്ക് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കണം.
രഹസ്യമായിരിക്കണം പിന്‍ നമ്പര്‍:ഡിജിറ്റൽ പണമിടപാടുകള്‍ക്കായി ഒരിക്കലും ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പെയ്‌മെന്‍റുകള്‍ നടത്തുമ്പോള്‍ നല്‍കുന്ന നാല്/ആറ് അക്ക പിന്‍ നമ്പര്‍ എപ്പോഴും രഹസ്യമായിരിക്കണം. അത് ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൃത്യമായ ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റുന്നതും നല്ലതാണ്.
ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ്:ഇന്ന് പല സ്ഥാപനങ്ങളിലും പണമിടപാട് നടത്താന്‍ ക്യൂആര്‍ കോഡ് സംവിധാനം ലഭ്യമാണ്. ഇവ സ്‌കാന്‍ ചെയ്‌ത് വേഗത്തില്‍ തന്നെ പണമിടപാട് നടത്താന്‍ കഴിയും. ഇത്തരത്തില്‍ കടകളില്‍ പതിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡുകളുടെ സുതാര്യത ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം ഇടപാടുകള്‍ നടത്തേണ്ടത്. വ്യാജ കോഡുകള്‍ സ്‌കാന്‍ ചെയ്‌താല്‍ ഒരുപക്ഷെ നമ്മുടെ ഫോണിലെ വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും.