ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന്‍റെ പ്രവർത്തനം ചൊവ്വാഴ്‌ച രാവിലെ തടസപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം രാവിലെ 6.42 മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി വെബ്സൈറ്റുകള്‍ ഡൗണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Downdetector.comന്‍റെ റിപ്പോർട്ട് പറയുന്നു.
ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ എറർ 500 കാണിക്കുന്നതായിരുന്നു പ്രശ്‌നം. "തടസം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യർഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്‍റേണല്‍ സെർവർ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എൻജിനീയർമാരുടെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക." എന്ന സന്ദേശമാണ് ഗൂഗിളിൽ കാണിക്കുന്നത്. എന്നാൽ അൽപ സമയത്തിനുള്ളിൽ തന്നെ ഗൂഗിൾ വീണ്ടും പ്രവർത്തനക്ഷമമായി.