അവധി ദിനങ്ങൾ, പ്രധാന ദിനങ്ങൾ, നേട്ടങ്ങൾ എന്നിവയും ശ്രദ്ധേയരായ ചരിത്ര വ്യക്തികളെയും അനുസ്‌മരിക്കാൻ ഗൂഗിളിന്‍റെ ഹോം പേജിൽ ലോഗോയ്ക്ക് താൽക്കാലികമായി മാറ്റങ്ങൾ വരുത്താറുണ്ട്. ഗൂഗിൾ ഡൂഡിൽ എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ എല്ലാത്തവണയും വ്യത്യസ്‌ത രീതിയിൽ ആളുകളെ ആകർഷിക്കുന്നവയുമാണ്. ലോക മാതൃ ദിനത്തിലും മനസ് നിറയ്ക്കുന്ന ഡൂഡിലുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്.
അനിമേറ്റഡ് ഫാമിലി ത്രോബാക്ക് ചിത്രങ്ങളാണ് ഇത്തവണ ഡൂഡിലിൽ പ്രത്യക്ഷപ്പെട്ടത്. മനുഷ്യർക്ക് പകരം മൃഗങ്ങള്‍ അവയുടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ആരുടെയും ഹൃദയം കവരും. ഡൂഡ്‌ലർ സെലിൻ യു കൈകൊണ്ട് നിർമ്മിച്ച കളിമൺ ശില്‍പ്പങ്ങളില്‍, ചായം പൂശിയാണ് അനിമേഷൻ ഒബ്‌ജക്‌ടുകൾ നിർമിച്ചിരിക്കുന്നത്. കളിമൺ ചിത്രങ്ങൾ നിർമിക്കുന്നതിന്‍റെ ബിഹൈൻഡ് ദി സീൻസും ടെക്ക് ഭീമൻ ഗൂഗിൾ പങ്ക് വച്ചിട്ടുണ്ട്.
ഈ ചിത്രങ്ങൾ ഏതൊക്കെ രാജ്യങ്ങളിൽ കാണാൻ സാധിക്കുമെന്നതിന്‍റെ മാപ്പും ഗൂഗിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ ഈ ഡൂഡിലാണ് കാണുക. നെവാഡയിലെ ബ്ലാക്ക് റോക്ക് സിറ്റിയിൽ നടന്ന ബേണിംഗ് മാൻ ഇവന്‍റിന്‍റെ പതിപ്പിനെ ആദരിച്ചുകൊണ്ടാണ് ഗൂഗിൾ ആദ്യമായി ഡൂഡിലിംഗ് ആശയം ആരംഭിച്ചത്. 1998 ലായിരുന്നു ആദ്യത്തെ ഡൂഡിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ആദ്യ ഗൂഗിൾ ഡൂഡിൽ, ഗൂഗിളിന്‍റെ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് രൂപകൽപ്പന ചെയ്‌തത്.
പിന്നീടാണ് ഗൂഗിൾ മാർക്കറ്റിംഗ് വകുപ്പ് ജീവനക്കാരിയായ സൂസൻ വോജിക്കി ഗൂഗിൾ ഡൂഡിൽ സ്ഥിരമാക്കിയത്. ബാസ്റ്റിൽ ഡേയ്‌ക്കായി ഒരു ലോഗോ രൂപകൽപ്പന ചെയ്യാൻ പേജും ബ്രിന്നും പബ്ലിക് റിലേഷൻസ് ഓഫിസർ ഡെന്നിസ് ഹ്വാംഗിനോട് ആവശ്യപ്പെടുന്നത് വരെ ഗൂഗിൾ ഡൂഡിലുകൾ രൂപകൽപ്പന ചെയ്‌തിരുന്നത് പുറത്ത് നിന്നുള്ള ഏജൻസികളായിരുന്നു. എന്നാൽ 2000ത്തിൽ ഗൂഗിൾ സ്വന്തമായി 'ഡൂഡിൽസ്' വകുപ്പ് രൂപീകരിച്ചു. ആദ്യ കാലങ്ങളിൽ ഡൂഡിലുകൾ ആനിമേഷനോ ഹൈപ്പർലിങ്കോ ആയിരുന്നില്ല.
2010-കളുടെ തുടക്കത്തോടെ ഡൂഡിലുകളിൽ മാറ്റങ്ങൾ വരുത്താൻ ആരംഭിച്ചു. സർ ഐസക് ന്യൂട്ടനെ ആദരിച്ചുകൊണ്ടാണ് 2010 ജനുവരിയിൽ ആദ്യത്തെ ആനിമേറ്റഡ് ഡൂഡിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ആയപ്പോഴേക്കും, ഗൂഗിൾ അതിന്‍റെ ഹോംപേജുകളിൽ ഉടനീളം 5,000 പ്രാദേശികവും അന്തർദേശീയവുമായ ഡൂഡിലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ.
Also Read: ആദ്യ ഫോൾഡബിൾ സ്‌മാർട്ട് ഫോണ്‍ 'പിക്‌സൽ ഫോൾഡുമായി' ഗൂഗിൾ; വില 1.47 ലക്ഷം രൂപ മുതൽ
ഗൂഗിളിന്‍റെ ഡൂഡിൽ ജീവനക്കാരും ഗൂഗിൾ ഉപയോക്താക്കളും ഉൾപ്പടെ നിരവധി ഉറവിടങ്ങളിൽ നിന്നാണ് ഡൂഡിലുകളുടെ ആശയങ്ങൾ വരുന്നത്. നമ്മൾ കാണുന്ന ഓരോ ഡൂഡിലിനും പിന്നിൽ ഒരു കൂട്ടം ചിത്രകാരന്മാരും ( ഡൂഡ്‌ലറുകൾ) എഞ്ചിനീയർമാരുമുണ്ട്. അതേ സമയം പൊതുജനങ്ങൾക്കും ഡൂഡിലുകൾക്കായി ആശയങ്ങൾ സമർപ്പിക്കാൻ കഴിയും. ഉപയോക്താക്കളിൽ നിന്ന് ആശയങ്ങൾ കേൾക്കാൻ ഡൂഡിൽ ടീം doodleproposals@google.com എന്ന ഇമെയിൽ വിലാസം ലഭ്യമാക്കിയിട്ടുണ്ട്. ഡൂഡിൽ ചെയ്യാനുള്ള ആശയം ഉണ്ടെങ്കിൽ ഈ വിലാസത്തിൽ മെയിൽ അയയ്ക്കാവുന്നതാണ്.