ന്യൂഡല്‍ഹി: 100 ഭാഷകളിലായി ഗൂഗിള്‍ ശബ്‌ദവും വാക്കുകളും തിരയുവാനുള്ള ക്രമീകരണങ്ങളൊരുക്കുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ സ്‌ത്രീ സംരംഭകര്‍ക്കായി 75 ദശലക്ഷം യുഎസ് ഡോളറും രാജ്യത്ത് നിക്ഷേപിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് സുന്ദര്‍ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ഉയര്‍ന്ന കയറ്റുമതി സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ അതിന്‍റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പൗരന്‍മാരെയും കമ്പനികളെയും പ്രാപ്‌തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി തുടക്കത്തില്‍ തന്നെ പിച്ചൈ രാജ്യത്തെ ടെലിക്കോം ഐടി മന്ത്രിയായ അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്‌ച നടത്തുകയും ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2022 എന്ന പരിപാടിയില്‍ സംസാരിക്കുകയും ചെയ്‌തു.
ചര്‍ച്ചകള്‍ നടന്ന മേഖലകള്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ഒരു കൂടിക്കാഴ്‌ച തന്നെ നടത്തി. പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റം തികച്ചും പ്രചോദനകരമാണ്. ഗൂഗിളും ഇന്ത്യയുമായി ശക്തമായ പങ്കാളിത്വം തുടര്‍ന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്‌തു.
കൂട്ടിക്കാഴ്‌ചയില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നുവെന്ന് കമ്പനി ഇതു വരെ വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ചെറുകിട സംരംഭങ്ങളെ പിന്തുണയ്‌ക്കാം, സൈബര്‍ സുരക്ഷയിലെ നിക്ഷേപം, വിദ്യാഭ്യാസവും കഴിവും പ്രോത്സാഹിപ്പിക്കുക, കാര്‍ഷികം, ആരോഗ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ എങ്ങനെ നിര്‍മിത ബുദ്ധി രൂപീകരിക്കാം തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്‌ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തതെന്ന് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ അറിയിച്ചു.
ഡിജിറ്റല്‍ ഇന്ത്യ വിഷന്‍റെ പ്രധാന്യം: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ ഇന്ത്യ ഒട്ടാകെയുള്ള മാറ്റത്തിന് കാരണമായ അനുഭവം 2023ലെ അധ്യക്ഷതയില്‍ പങ്കുവെയ്‌ക്കും. ഇന്ത്യ ഡിജിലൈസേഷൻ ഫണ്ടിന്‍റെ ഒരു ഭാഗം ഇന്ത്യയിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫണ്ടിൽ നിന്നുള്ള 300 മില്യൺ ഡോളറിന്‍റെ നാലിലൊന്ന് തുക സ്‌ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി 10 ബില്ല്യണ്‍ ഡോളര്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വരെയുള്ള വര്‍ഷങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം മൂന്നര വര്‍ഷത്തിന് ശേഷമാണ് സുന്ദര്‍ പിച്ചൈ ഇന്ത്യ സന്ദര്‍ശനത്തിനായെത്തുന്നത്. പ്രധാന മന്ത്രി, പ്രസിഡന്‍റ് ദ്രൗപതി മുര്‍മു, മന്ത്രി അശ്വിനി വൈഷ്‌ണവ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യയുടെ സ്‌റ്റാര്‍ട്ട്അപ്പുകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഗ്ലാന്‍സ് പോലുള്ളവ ഇതിന് ഉദാഹരണങ്ങളാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
കമ്പനിയുടെ പുതിയ നീക്കങ്ങള്‍:ഇന്‍റര്‍നെറ്റില്‍ 100 ഭാഷകളുടെ തിരച്ചില്‍ സാധ്യമാക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി ചേര്‍ന്ന് രാജ്യത്തെ 773 ജില്ലകളില്‍ നിന്ന് സ്‌പീച്ച് ഡാറ്റ ശേഖരിക്കുവാന്‍ തീരുമാനമായെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സെന്‍റര്‍ മദ്രാസില്‍ ആരംഭിക്കുന്നതിനായി ഒരു ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ആൻഡ്രോയിഡില്‍ ലഭ്യമാകുന്ന ഫയല്‍സ് ബൈ ഗൂഗിള്‍ ആപ്പില്‍ നിന്ന് നേരിട്ട് ആധികാരിക ഡിജിറ്റൽ ഡോക്യുമെന്‍റുകളിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാന്‍ സഹായകമാകും വിധം നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കി.