വാഷിങ്ടണ്‍: ആപ്പിളിന്‍റെ അടുത്ത തലമുറ ഫോണുകള്‍ 13 സീരീസ് എന്ന പേരില്‍ തന്നെ ഇറങ്ങുമെന്ന് ഏറെകുറെ ഉറപ്പായി. 6.1 ഇഞ്ച് ഐഫോൺ 13, ഐഫോൺ 13 പ്രോ, 6.7 ഇഞ്ച് ഐഫോൺ 13 പ്രോ മാക്‌സ്, 5.4 ഇഞ്ച് ഐഫോൺ മിനി എന്നീ നാല് പുതിയ മോഡലുകളാണ് അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഫോണുകള്‍ ഏത് സീരീസില്‍ ഇറങ്ങുമെന്നും പേര് എന്താകുമെന്നും തുടങ്ങിയ കാര്യങ്ങളില്‍ ഐഫോണ്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
അടുത്ത സീരീസ് 13 തന്നെയെന്ന് റിപ്പോര്‍ട്ട്
ഐ ഫോണ്‍ 11,12 സീരീസുകള്‍ക്ക് ശേഷം 13ാം സീരീസ് വരുമെന്നായിരുന്നു ആദ്യമേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഖ്യാ ശാസ്ത്ര പ്രകാരം 13 നല്ല നമ്പര്‍ അല്ലെന്നും അതിനാല്‍ തന്നെ സീരീസിന് മറ്റ് പേരുകള്‍ കമ്പനി നിര്‍ദ്ദേശിച്ചേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളും ആരംഭിച്ചു.
കൂടുതല്‍ വായനക്ക്:- ഐഫോൺ 13; സ്‌നാപ്ഡ്രാഗൺ എക്‌സ് 60 5 ജി മോഡം ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ
ഐ ഫോണ്‍ 10 ഇറങ്ങിയ കാലത്ത് സീരീസിന് ഐ ഫോണ്‍ എക്സ് (iphone X) എന്ന് പേര് നല്‍കി കമ്പനി ഇതിന് മുന്‍പും ചില മാറ്റങ്ങള്‍ പേരില്‍ വരുത്തിയിരുന്നു. ഇത് 13ാം സീരീസിലും പിന്‍തുടര്‍ന്നേക്കാമെന്നായിരുന്നു വാദം. അതിനിടെയാണ് സീരീസിന് പേര് 13 തന്നെയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
നിര്‍മാണത്തിന് പിന്നില്‍ ഫോക്‌സ്‌കോണും ലക്‌ഷറും
ഐ ഫോണ്‍ 13 മാക്സ് പ്രോയുടെ 68 ശതമാനം ഭാഗങ്ങളും നിര്‍മിക്കുന്നത് ഫോക്സ്‌കോണ്‍ ആണെന്നാണ് മറ്റൊരു റിപ്പേര്‍ട്ട്. ലക്‌ഷറാണ് മറ്റ് ബാക്കിയുള്ള ഭാഗങ്ങളുടെ നിര്‍മാണം നടത്തുന്നത്. ഐ ഫോണ്‍ 13 മിനിയുടെ ഏറ്റവും പ്രാധാന്യമുള്ള ഭാഗങ്ങള്‍ നിര്‍മിക്കുന്നത് പെഗട്രോണാണെന്നുമാണ് റിപ്പോര്‍ട്ട്.
വലിയ അപ്ഡേറ്റുകളുണ്ടാകില്ല
ഐഫോൺ 13 ല്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്ക്രീനിന്‍റെ വലിപ്പം രൂപകല്‍പ്പന എന്നിവ 12ന് സമാനമായിരിക്കും. പുതിയ മോഡലുകളിൽ 120 ഹെർട്സ് ഡിസ്‌പ്ലേകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ വേഗത നല്‍കുന്ന പ്രൊസസറുകളും സംഭരണ ശേഷിയും കമ്പനി വര്‍ധിപ്പിച്ചേക്കാം. ബാറ്ററിയുടെ വലിപ്പം, അൾട്രാ-വൈഡ് ക്യാമറ തുടങ്ങിയ മാറ്റങ്ങളും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
അണിയറയില്‍ അഭ്യൂഹങ്ങളും
എല്ലാ പ്രവശ്യത്തേയും പോലെ ഇത്തവണയും ഓണ്‍ ഡിസ്പ്ലേയായിരിക്കാം 13ാം സീരീസിലും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസ്പ്ലേയില്‍ സമയം, ബാറ്ററി ശതമാനം, ഇൻകമിംഗ് അറിയിപ്പുകൾ എന്നി മാത്രമേ കാണിക്കുകയുള്ളു എന്നും അഭ്യൂഹങ്ങളുണ്ട്. ഡിസൈനില്‍ കമ്പനിയുടെ തത്വശാസ്ത്രങ്ങള്‍ നിലനിര്‍ത്തി വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നയാകും ഐ ഫോണ്‍ 13-ന്‍റെ വരവെന്നും റിപ്പോര്‍ട്ടുണ്ട്. നീളം കൂടിയതും ചെറിയതുമായിരിക്കും ഇയര്‍ പീസ്. ഇത് ബേസ് ഏരിയയിലേക്ക് മാറിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് നിറങ്ങള്‍ക്കും സാധ്യത
പിങ്ക് നിറത്തിലും ആപ്പിൾ ഐപാഡുകളുടെ സ്‌പേസ് ഗ്രേയേക്കാൾ ഇരുണ്ട കറുത്ത നിറത്തോടും കൂടിയായിരിക്കും ഫോണുകള്‍ പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കപ്പുറം ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ കമ്പനി എന്താണ് ഒളിപ്പിച്ചതെന്ന് ലോകത്തിന് വ്യക്തമാകുകയുള്ളു. സെപ്തംബറോടെ ഫോണുകള്‍ പുറത്തിറങ്ങിയേക്കാമെന്നാണ് കരുതുന്നത്.