ഫാദേഴ്‌സ് ഡേ, മദേഴ്‌സ് ഡേ, ഫ്രണ്ട്‌ഷിപ്പ് ഡേ പോലെ പാമ്പുകള്‍ക്കും ഒരു ദിനമുണ്ട്.. എല്ലാ ജൂലൈ 16ഉം ലോക പാമ്പ് ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും കാണപ്പെടുന്ന വിവിധ ഇനം പാമ്പുകളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി ജനങ്ങളെ ബോധവത്‌കരിക്കുകയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ആളുകള്‍ ഏറ്റവും ഭയപ്പെടുന്ന ഒന്നാണ് പാമ്പുകള്‍. പാമ്പുകളെ കുറിച്ച് കേട്ടാല്‍ തന്നെ ഓടി ഒളിക്കുന്നവരുണ്ട്. ചിലര്‍ ഭയന്ന് ഓടി ഒളിക്കുമ്പോള്‍ ചിലര്‍ അതിനെ കൊല്ലാനായി വടിയെടുക്കും. അതുകൊണ്ട് തന്നെ ലോക സൃഷ്‌ടികളില്‍ പാമ്പുകള്‍ ആളുകള്‍ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്നു.
പാമ്പുകളെ കുറിച്ചുള്ള പലരുടെയും ധാരണകള്‍ തെറ്റാണ്. പാമ്പുകള്‍ പല തരത്തിലുണ്ട്. ഇക്കൂട്ടത്തില്‍ വിഷമുള്ളവയും വിഷമില്ലാത്തവയും ഉണ്ട്. വിഷമുള്ള പാമ്പ് കടിച്ചാലും വിഷം ഇല്ലാത്തവ കടിച്ചാലും അവയുടെ പെട്ടെന്നുള്ള ആക്രമണം കാരണം പാമ്പുകളെ എല്ലാവരും ഭയപ്പെടുന്നു.
ഈ വര്‍ഷത്തെ ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും മാരകമായ അഞ്ച് പാമ്പുകളെ പരിചയപ്പെടാം. ഈ അഞ്ചില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കണ്ണില്‍ പെട്ടാല്‍ അവയില്‍ നിന്നും നിങ്ങള്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ഈ പാമ്പുകള്‍ അല്‍പം അകലെയാണെങ്കില്‍, അവയുടെ കണ്ണില്‍ പെടാതെ നിങ്ങള്‍ നിങ്ങളുടെ ജീവന്‍ കാത്തുസൂക്ഷിക്കുക.
1. ബ്ലാക്ക് മാംബ:ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാരക വിഷമുള്ള പാമ്പുകളില്‍ ഒന്ന്. ആഫ്രിക്കയില്‍ ആണ് ബ്ലാക്ക് മാംബ കാണപ്പെടുന്നത്. വെറും രണ്ട് തുള്ളി വിഷം കൊണ്ട് ഒരാളെ കൊല്ലാന്‍ കഴിവുള്ള പാമ്പാണ് ഇത്. എട്ട് അടി നീളമുള്ള ബ്ലാക്ക് മാംബെയ്‌ക്ക് മണിക്കൂറില്‍ 19 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇഴയാനുളള കഴിവുണ്ട്.
ഈ പാമ്പുകള്‍ക്ക് ഇരയെ പെട്ടന്ന് ആക്രമിക്കാന്‍ കഴിയും. അങ്ങനെ കടിയേല്‍ക്കുന്ന വ്യക്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുന്നു. ബ്ലാക്ക് മാംബയുടെ കടിയേല്‍ക്കുന്നവര്‍ക്ക് ആദ്യം ഹൃദയാഘാതം സംഭവിക്കും. പിന്നീട് അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യും.
2. രാജവെമ്പാല:ലോകത്തെ രണ്ടാമത്തെ മാരക വിഷപ്പാമ്പാണ് രാജവെമ്പാല. 18 അടി നീളമുള്ള രാജവെമ്പാല, ഇരയെ ആക്രമിക്കും മുമ്പായി 100 മീറ്റര്‍ അകലെ നിന്നും ലക്ഷ്യം കാണാനും ഇരയുടെ അടുത്ത് എത്താനും കഴിയും. രാജവെമ്പാലയുടെ ഒറ്റ കടിയില്‍, ഏഴ് മില്ലി ലിറ്റര്‍ വിഷം ഇരയുടെ സിരയിലേക്ക് പ്രവേശിക്കും. 15 മിനിറ്റിനുള്ളില്‍ ആ വ്യക്തി മരിക്കുകയും ചെയ്യും. എന്നാല്‍ ഇവ മൂന്നോ നാലോ തവണ ആവര്‍ത്തിച്ച് കടിക്കും.
3. ഫെർ ഡി ലാൻസ്:ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള മറ്റൊരു ഇനം പാമ്പാണ് അമേരിക്കന്‍ ഫെര്‍ ഡി ലാന്‍സ്. ഇവയുടെ ഒരൊറ്റ കടി മതിയാകും കടിയേറ്റ വ്യക്തിയുടെ മരണത്തിനായി. കടിയേറ്റ ആളുടെ ശരീരമാസകലം വിഷം പകരുകയും അത് അയാളുടെ ശരീര കോശങ്ങളെ ഇരുണ്ടതാക്കുകയും ചെയ്യും. 3.9 മുതല്‍ 8.2 അടി നീളമുള്ള ഇവ തെക്കേ അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
4. ബൂംസ്ലാംഗ്:ഗ്രീന്‍ ട്രീ സ്‌നേക്ക് അല്ലെങ്കില്‍ ബൂംസ്ലാംഗ് എന്നറിയപ്പെടുന്ന ഈ പാമ്പ് ദക്ഷിണാഫ്രിക്കയില്‍ ആണ് കാണപ്പെടുന്നത്. ഒരു നിശബ്‌ദ വേട്ടക്കാരന്‍ എന്നാണ് ബൂംസ്ലാംഗ് അറിയപ്പെടുന്നത്. ഇര തേടാത്തപ്പോൾ ബൂംസ്ലാഗിന് വിഷപ്പല്ലുകൾ പിന്നിലേക്ക് വലിക്കാന്‍ കഴിയും. എന്നിരുന്നാലും ഒരിക്കല്‍ ഇതിന്‍റെ കടിയേറ്റാല്‍ അത് ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിന് കാരണമാകുന്നു. ഇത് ഇരകളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
5. റസല്‍സ് വൈപ്പര്‍:ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് റസല്‍സ് വൈപ്പര്‍. അപകടം എന്നതിന് മറ്റൊരു പേരുണ്ടെങ്കില്‍ അതിനെ റസല്‍സ് വൈപ്പര്‍ എന്ന് വിളിക്കാം. ഇന്ത്യയില്‍ നിരവധി ജീവനുകള്‍ കാര്‍ന്ന് തിന്നതില്‍ കുപ്രസിദ്ധമാണ് ഈ റസല്‍സ് വൈപ്പര്‍. ഇവ കടിച്ചാലുടന്‍ ആ വ്യക്തിയുടെ വൃക്കകള്‍ തകരാറിലാവുകയും അമിതമായ രക്തസ്രാവം ഉണ്ടാവുകയും ഒന്നിലധികം അവയവങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു. റസല്‍സ് വൈപ്പറിന്‍റെ കടിയേറ്റാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ജീവന്‍ നഷ്‌ടമാകും.