ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ 71 ശതമാനം ഇടിവ് വന്നതായി കണക്കുകള്‍. അമേരിക്കയിലെ കൗമാരക്കാരില്‍ നടത്തിയ സര്‍വേയില്‍ 2014-15 കാലയളവില്‍ മാർക്ക് സുക്കർബർഗിന്‍റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 71 ശതമാനം ഇടിവുണ്ടായതാണ് പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകളിലുള്ളത്. 13 മുതല്‍ 17 വയസ് വരെയുള്ള കൗമാരക്കാരിലാണ് സര്‍വേ നടത്തിയത്.
ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കാണ് ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള സമൂഹ മാധ്യമം. കൗമാരക്കാര്‍ ഇഷ്‌ടപ്പെടുന്ന സമൂഹ മാധ്യമങ്ങളില്‍ ഇന്‍സ്‌റ്റഗ്രാം, ഫേസ്‌ബുക്ക്, സ്‌നാപ്‌ചാറ്റ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും മാനസിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും ഏതാണ്ട് 67 ശതമാനം കൗമാരക്കാരും ഇപ്പോഴും ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, കൗമാരക്കാരില്‍ 16 ശതമാനം പേരും ടിക് ടോക് നിരന്തരമായി ഉപയോഗിക്കുന്നുവെന്നും പഠനത്തിലുണ്ട്.
അതേസമയം, 95 ശതമാനം കൗമാരക്കാരും ഉപയോഗിക്കുന്നതിനാല്‍ 2022 ലെ ടീന്‍ ഓൺലൈൻ ലാൻഡ്‌സ്‌കേപ്പിൽ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് തന്നെയാണ് ഒന്നാമന്‍. ഈ പട്ടികയില്‍ 67 ശതമാനം ഉപയോക്താക്കളുമായി ടിക് ടോക്കാണ് പിറകെയുള്ളത്. ഇതിനു പിന്നില്‍ ഇന്‍സ്‌റ്റഗ്രാം, സ്‌നാപ്‌ചാറ്റ് എന്നീ ആപ്ലിക്കേഷനുകളാണ് വരുന്നത്. കൗമാരക്കാരില്‍ 10 ല്‍ 6 പേര്‍ ഇവ രണ്ടും ഉപയോഗിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 32 ശതമാനം കൗമാര ഉപയോക്താക്കളുമായി ഇവക്കും പുറകിലാണ് ഫേസ്‌ബുക്കിന്‍റെ സ്ഥാനം. ട്വിറ്റർ, ട്വിച്ച്, വാട്ട്‌സ്‌ആപ്പ്, റെഡ്ഡിറ്റ്, ടംബ്ലർ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളതെന്നും പ്യൂ റിസർച്ച് സെന്‍റർ സർവേയില്‍ കണ്ടെത്തി.
Also Read: സമൂഹമാധ്യമത്തിലെ കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്, രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം വരുന്നു