വാഷിങ്ടണ്‍: ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ കൂടുതല്‍ തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വന്‍ തോതില്‍ നടക്കുന്ന ഈ പിരിച്ചുവിടല്‍ വരും മാസങ്ങളില്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് കമ്പനി തീരുമാനം. വാള്‍സ്‌ട്രീറ്റ് ജേണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് വിവരം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ 13 ശതമാനം ജീവനക്കാരെയാണ് ലോകത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ആയ മെറ്റ പിരിച്ചുവിട്ടത്. അന്നത്തെ പിരിച്ചു വിടലില്‍ 11,000 ല്‍ അധികം ജീവനക്കാര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ പിരിച്ചുവിടലില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ ആദ്യ ഘട്ട പട്ടിക അടുത്ത ആഴ്‌ച മെറ്റ പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന പിരിച്ചുവിടല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിരിക്കും എന്നാണ് ടെക് നിരീക്ഷകരുടെ നിഗമനം.
കമ്പനിയുടെ വരുമാന നഷ്‌ടം ചൂണ്ടിക്കാട്ടിയാണ് മെറ്റ തൊഴിലാളികളെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്. മെറ്റയുടെ പരസ്യ വരുമാനം കുറഞ്ഞതാണ് നഷ്‌ടത്തിന് കാരണമായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. എഞ്ചിനീയറിങ് വിഭാഗമല്ലാത്ത ജീവനക്കാര്‍ക്കാകും കൂടുതലായും ജോലി നഷ്‌ടമാകുന്നത്.
2022 നവംബറില്‍ നടന്ന പിരിച്ചുവിടലിന് പിന്നാലെ പുതിയ ജീവനക്കാര്‍ക്ക് അയച്ച ഓഫര്‍ ലെറ്ററുകള്‍ പോലും പിന്‍വലിച്ച് മെറ്റ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരുന്നു. 2023 കമ്പനിയിലെ കാര്യക്ഷമതയുടെ വര്‍ഷമായിരിക്കുമെന്നും ഇതിന്‍റെ ഭാഗമായി ചില പദ്ധതികള്‍ കമ്പനി ഉപേക്ഷിക്കുമെന്നും മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. അതേസമയം റിപ്പോര്‍ട്ടുകളോട് മെറ്റ കമ്പനി പ്രതികരിച്ചിട്ടില്ല.
ആമസോണില്‍ പിരിച്ചുവിടല്‍ നേരിട്ടത് 18,000 ജീവനക്കാര്‍: ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. 18,000 ല്‍ അധികം ജീവനക്കാരെ ആണ് ആമസോണ്‍ ഈ വര്‍ഷം ജനുവരിയില്‍ പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ ജീവനക്കാരെ പിരിച്ചുവിട്ടത്. 2022 നവംബറില്‍ 10,000 പേരെയെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിരുന്നു.
ആല്‍ഫബെറ്റിലും പിരിച്ചു വിടല്‍:ഒരുമാസം മുമ്പാണ് ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ചത്. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനത്തില്‍ അധികമാണ് ആല്‍ഫബെറ്റില്‍ പിരിച്ചു വിടല്‍ പ്രതിസന്ധി നേരിട്ടത്. കമ്പനിയുടെ ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചു വിടല്‍ തീരുമാനമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളും പണപ്പെരുപ്പം കുതിച്ചുയരുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കി എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ട്വിറ്ററില്‍ നടന്നത് കൂട്ട പിരിച്ചു വിടല്‍: ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ നടന്ന പിരിച്ചു വിടല്‍ ഏറെ ചര്‍ച്ചയായിരുന്നു. കൂട്ട പിരിച്ചു വിടലായിരുന്നു ട്വിറ്ററില്‍ സമീപ കാലത്ത് സംഭവിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന അവസാന പിരിച്ചു വിടലില്‍ പ്രൊഡക്‌ട് മാനേജര്‍ എസ്‌തര്‍ ക്രോഫോര്‍ഡിന്‍ ഉള്‍പ്പെടെ 50 ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമായി.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ട്വിറ്ററില്‍ കൂട്ട പിരിച്ചു വിടല്‍ നടന്നത്. എന്നാല്‍ നവംബറിലെ കൂട്ട പിരിച്ചു വിടലിന് സമാനമായ രീതിയില്‍ ജീവനക്കാരെ വെട്ടിക്കുറക്കില്ലെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മസ്‌കിന്‍റെ പ്രഖ്യാപനം നടപ്പിലായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമ്പോള്‍ 7,500 തൊഴിലാളികള്‍ ഉണ്ടായിരുന്നത് നിലവില്‍ 2,000 ലേക്ക് കുറഞ്ഞു.