വാഷിങ്‌ടണ്‍ : രാഷ്‌ട്രീയ പരസ്യദാതാക്കള്‍ എങ്ങനെ ഉപയോക്‌താക്കളെ ലക്ഷ്യംവയ്ക്കുന്നു എന്നുള്ളതിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ. യുഎസില്‍ മിഡ്‌ടേം ഇലക്ഷന്‍ നടക്കാന്‍ പോകുന്നതിന്‍റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ പ്രഖ്യാപനം. രാഷ്‌ട്രീയ പരസ്യങ്ങളുടെ മതിയായ വിവരങ്ങള്‍ ഫേസ്‌ബുക്ക് പുറത്തുവിടുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് മെറ്റ നിലപാടറിയിച്ചിരിക്കുന്നത്.
ഫേസ്‌ബുക്കിലൂടെയുള്ള പല രാഷ്‌ട്രീയ പരസ്യങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സമൂഹത്തില്‍ ധ്രുവീകരണം സൃഷ്‌ടിക്കുന്നുവെന്നുമുള്ള വിമര്‍ശനം ശക്‌തമാണ്. ഏത് വിഭാഗം ഉപയോക്‌താക്കളെയാണ്, അവരുടെ എന്തൊക്കെ താല്‍പ്പര്യങ്ങളെയാണ് ഫേസ്‌ബുക്കിലൂടെയും ഇന്‍സ്‌റ്റഗ്രാമിലൂടെയുമുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് എന്നതിന്‍റെ വിവരങ്ങള്‍ ഈ വരുന്ന ജൂലായ് മുതല്‍ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ട് രാഷ്‌ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്താനാണ് ഉദ്ദേശമെന്ന് മെറ്റ വ്യക്തമാക്കുന്നു. പരസ്യത്തിന് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ എത്ര പണം ചെലവഴിച്ചുവെന്നുള്ള വിവരം ഇപ്പോള്‍ തന്നെ മെറ്റ ഫേസ്‌ബുക്ക് പരസ്യ ലൈബ്രറിയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ഫേസ്‌ബുക്ക് പേജില്‍ വരുന്ന പരസ്യം ഏത് വിഭാഗം ഉപയോക്‌താക്കളിലാണ് എത്തപ്പെട്ടത്, അവരുടെ പ്രായവും ലിംഗവും രാജ്യവും തിരിച്ചുള്ള കണക്ക് എന്നിവ ഇപ്പോള്‍ തന്നെ ഈ പബ്ലിക് ഡാറ്റാബേസില്‍ ലഭ്യമാണ്.
രാഷ്‌ട്രീയ പരസ്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ 242 രാജ്യങ്ങളില്‍ ലഭ്യമാവുമെന്നും മെറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് 8,600 കോടി ഡോളറാണ് ഫേസ്‌ബുക്ക് രാഷ്ട്രീയ പരസ്യത്തിലൂടെ നേടിയത്. ഉപയോക്‌താക്കളെ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കണ്ടെത്തി അതിനനുസൃതമായ പരസ്യത്തിലൂടെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്നാണ് ഫേസ്‌ബുക്കിനെ രാഷ്‌ട്രീയ പരസ്യദാതാക്കളുടെ ഇടയില്‍ പ്രിയങ്കരമാക്കുന്നത്. ഉപയോക്‌താക്കളുടെ ഏതൊക്കെ താല്‍പ്പര്യങ്ങളെയാണ് പരസ്യ ദാതാക്കള്‍ ലക്ഷ്യം വച്ചതെന്ന വിവരങ്ങള്‍ ഗവേഷകര്‍ക്കായി നല്‍കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.