സാന്‍ഫ്രാന്‍സിസ്‌കോ: ടെസ്‌ലയിലെ തന്‍റെ ശ്രദ്ധ മാറില്ലെന്ന് പ്രഖ്യാപിക്കാന്‍ ടെസ്‌ലയെ കാമുകിയോടും ട്വിറ്ററിനെ സുന്ദരിയായ യുവതിയോടും ഉപമിച്ചുള്ള ഒരു ചിത്രം പോസ്‌റ്റ് ചെയ്‌തുകൊണ്ട് ഇലോണ്‍ മസ്‌കിന്‍റെ ട്വീറ്റ്. ഇലോണ്‍ മസ്‌ക് കാമുകിയായ ടെസ്‌ലയുമായി കൈപിടിച്ച് പോകുമ്പോള്‍ ട്വിറ്റര്‍ എന്ന സുന്ദരിയായ സ്‌ത്രീയെ ശ്രദ്ധിക്കുന്നു. ഇതില്‍ കാമുകിയായ ടെസ്‌ല അസ്വസ്‌ഥയാവുന്നു. ഇതാണ് പ്രതീകാത്മക ചിത്രത്തില്‍ ഉള്ളത്.
ചിത്രത്തില്‍ ഉള്ളതുപോലെയാണ് കാര്യങ്ങള്‍ എന്ന് ആളുകള്‍ക്ക് തോന്നാമെങ്കിലും കാര്യങ്ങള്‍ അങ്ങനയെല്ലെന്ന് ഇലോണ്‍ മസ്‌ക് കുറിച്ചു. ട്വിറ്റര്‍ ഏറ്റെടുക്കുന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തന്‍റ സമയത്തിന്‍റെ 5 ശതമാനത്തില്‍ താഴെമാത്രമാണ് ചിലവഴിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കലുമായുള്ള കാര്യങ്ങള്‍ റോക്കറ്റ് സയന്‍സല്ല. 24 മണിക്കൂറും തന്‍റെ മനസില്‍ ടെസ്‌ലയാണെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്റര്‍ കരാര്‍ ഇലോണ്‍ മസ്‌കിന്‍റെ ശ്രദ്ധമാറ്റുമെന്ന ആശങ്ക ടെസ്‌ല ഓഹരി നിക്ഷേപകര്‍ക്കുള്ള പശ്ചാത്തലത്തിലാണ് ഇലോണ്‍ മസ്‌കിന്‍റ ട്വീറ്റ്. ട്വിറ്റര്‍ വാങ്ങാനുള്ള ഇലോണ്‍ മസ്‌കിന്‍റെ തീരുമാനം കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചതു മുതല്‍ ടെസ്‌ലയുടെ ഓഹരി മൂല്യം മൂന്നിലൊന്ന് ഇടിഞ്ഞിരുന്നു. ട്വിറ്റര്‍ വാങ്ങാനായി ടെസ്‌ലയിലെ 850 കോടി അമേരിക്കന്‍ ഡോളറിന് തത്തുല്യമായി ഓഹരികള്‍ ഇലോണ്‍ മസ്‌ക് വിറ്റിരുന്നു.
ടെസ്‌ല ഓഹരി ഇടിയുന്നത് മസ്‌കിന് വെല്ലുവിളി: കൊവിഡ് കാരണം ചൈനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അവിടെയുള്ള ടെസ്‌ലയുടെ ഫാക്ടറികളിലെ ഉല്‍പ്പാദനം നിലച്ചതും എസ്&പിയുടെ സുസ്ഥിര സൂചികയില്‍ നിന്ന് ടെസ്‌ലയെ നീക്കം ചെയ്‌തതും ടെസ്‌ലയുടെ ഓഹരികള്‍ ഇടിയാന്‍ കാരണമായി. പ്രകൃതി സൗഹര്‍ദമായ ഉല്‍പ്പന്നങ്ങള്‍, സമൂഹ്യ പ്രതിബന്ധത, തൊഴിലാളികളുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവയെ വിലയിരുത്തിയാണ് ഒരു കമ്പനിയെ എസ്‌ആന്‍ഡ് പി സുസ്ഥിര സൂചികയില്‍ ഉള്‍പ്പെടുത്തുക.
ടെസ്‌ലയുടെ കാലിഫോര്‍ണിയ ഫാക്ടറിയില്‍ വംശീയ വിവേചനമുണ്ടായി എന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്പനിയെ എസ്&പി സുസ്ഥിര സൂചികയില്‍ നിന്നും നീക്കം ചെയ്‌തത്. നീക്കം ചെയ്യലിനോട് വളരെ പരുഷമായാണ് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. കപട സമൂഹ്യപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവരാണ് ഈ സൂചികയെ നിയന്ത്രിക്കുന്നവര്‍ എന്നാണ് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.
ഇലോണ്‍ മസ്‌കിന്‍റെ സമ്പത്തിന്‍റെ പ്രധാനഭാഗം ടെസ്‌ലയിലുള്ള അദ്ദേഹത്തിന്‍റെ ഓഹരികളാണ്. 44 ബില്യണ്‍ ഡോളര്‍ വില നല്‍കി ട്വിറ്റര്‍ വാങ്ങുന്നതിന് പ്രധാനമായും ഇലോണ്‍ മസ്‌ക് പണം കണ്ടെത്തുക ടെസ്‌ലയിലെ ഓഹരികള്‍ വിറ്റാണ്. അതുകൊണ്ട് തന്നെ ടെസ്‌ലയുടെ ഓഹരികള്‍ ഇടിയുന്നത് ട്വിറ്റര്‍ വാങ്ങുന്നതിന് പണം സ്വരൂപിക്കുന്നതിന് ഇലോണ്‍ മസ്‌കിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ലോകത്ത് ഏറ്റവും അധികം വിപണി മൂല്യമുള്ള വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‌ല. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ വിപ്ലവകരമായ ചുവടുവെപ്പ് നടത്തുകയാണ് ടെസ്‌ലയുടെ ലക്ഷ്യമെന്നാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.