സാന്‍ഫ്രാന്‍സിസ്‌കോ :ചില വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒഫീഷ്യല്‍ എന്ന ലേബല്‍ കൊടുക്കുന്ന ഫീച്ചര്‍ താന്‍ 'നശിപ്പി'ച്ചെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. സര്‍ക്കാര്‍ വകുപ്പുകളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ ഒഫീഷ്യല്‍ എന്ന ലേബല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫീച്ചര്‍ കാര്യക്ഷമമല്ല എന്നാണ് മസ്‌ക് വ്യക്തമാക്കിയത്.
വെബ് വീഡിയോ പ്രൊഡ്യൂസര്‍ ആയ മാർക്വെസ് ബ്രൗൺലിയുടെ ഒഫീഷ്യല്‍ ലേബല്‍ അപ്രത്യക്ഷമായി എന്ന ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഒരു ചെറിയ സര്‍ക്കിളിലുള്ള ടിക്കിനോടൊപ്പം ഒഫീഷ്യല്‍ എന്ന ലേബലും ബുധനാഴ്‌ച വൈകിട്ട് പ്രത്യക്ഷപ്പെട്ടിരുന്നു.
ട്വിറ്ററിന്‍റെ പുതിയ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷന്‍ പ്രാബല്യത്തില്‍ വരുന്ന സമയത്ത് ഒഫീഷ്യലുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും മറ്റ് പൊതു വ്യക്തിത്വങ്ങളുടെയും അക്കൗണ്ടുകളെ രേഖപ്പെടുത്തുക എന്ന ആശയമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്. ഒഫീഷ്യല്‍ ലേബല്‍ നിലവില്‍ തങ്ങള്‍ നല്‍കുന്നില്ലെന്നും എന്നാല്‍ തെറ്റിദ്ധരിപ്പിക്കലിനെതിരെയും ആള്‍മാറാട്ടത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഇനിയും പലതും പ്രതീക്ഷിക്കാം :വരും ദിവസങ്ങളില്‍ പല തരത്തിലുള്ള പുതിയ ഫീച്ചറുകളും ട്വിറ്റര്‍ പരീക്ഷിക്കുമെന്ന സൂചനയും മസ്‌ക് നല്‍കി. 'ദയവായി നോട്ട് ചെയ്യൂ, ട്വിറ്റര്‍ വരും മാസങ്ങളില്‍ ഒരുപാട് പൊട്ടത്തരങ്ങള്‍ ചെയ്യും. ഗുണകരമായത് നിലനിര്‍ത്തുകയും അല്ലാത്തവ ഒഴിവാക്കുകയും ചെയ്യും' - ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.