വാഷിങ്‌ടണ്‍:ട്വിറ്ററുമായുള്ള നിയമപോരാട്ടം തുടരവേ ടെസ്‌ല സിഇഒയും, സ്‌പെയ്‌സ് എക്‌സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് തന്‍റെ പുതിയ സമൂഹ മാധ്യമ സൈറ്റിന്‍റെ പണിപ്പുരയിലെന്ന് അഭ്യൂഹങ്ങള്‍. തന്‍റെ ഫോളോവേഴ്‌സില്‍ ഒരാളുടെ ചോദ്യത്തിന് മസ്‌ക് നല്‍കിയ 'എക്‌സ് ഡോട്ട് കോം' (X.com) എന്ന മറുപടിയാണ് ഈ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഒരു സമൂഹ മാധ്യമ ഉപയോക്താവ് ശതകോടീശ്വരനായ മസ്‌കിനോട് സ്വന്തം സോഷ്യൽ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചൊവ്വാഴ്‌ച (09.08.2022) ചോദിക്കുകയുണ്ടായി.
ട്വിറ്ററിൽ വളരെ സജീവമായ മസ്‌ക് ഈ ചോദ്യത്തിന് 'എക്‌സ് ഡോട്ട് കോം' എന്ന് മറുപടി നല്‍കിയതോടെയാണ് അഭ്യൂഹങ്ങളും കനത്തത്. രണ്ട് പതിറ്റാണ്ട് മുമ്പ് മസ്‌ക് സ്ഥാപിച്ച ഒരു സ്‌റ്റാര്‍ട്ടപ്പിന്‍റെ പേരായിരുന്നു എക്‌സ് ഡോട്ട് കോം. പിന്നീട് അദ്ദേഹം ഇതിനെ സാമ്പത്തിക സേവന കമ്പനിയായ പേപാലുമായി ലയിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്‌ച നടന്ന ടെസ്‌ലയുടെ വാർഷിക ഷെയർഹോൾഡർ മീറ്റിംഗിലും മസ്‌ക് ഈ വെബ്‌സൈറ്റിനെ കുറിച്ച് സംസാരിച്ചിരുന്നു.
Also Read: നിങ്ങളുടെ ഫോണ്‍ ലോക്ക് ആണോ...? ഫോര്‍മാറ്റ് ചെയ്യാന്‍ വരട്ടെ തുറക്കാന്‍ മാര്‍ഗമുണ്ട്
"എക്‌സ് സഹകരണത്തിന് ഒരുനാള്‍ തിരിച്ചെത്താനാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എനിക്ക് അതില്‍ വലിയ കാഴ്‌ചപ്പാടുണ്ട്. അത് ആദ്യം മുതല്‍ ആരംഭിക്കേണ്ടതുണ്ട്, എന്നാല്‍ മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളില്‍ ട്വിറ്റര്‍ തന്നെ അത് വേഗത്തിലാക്കിയേക്കാം" എന്ന് അദ്ദേഹം അന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ഓഹരിക്ക് 54.20 യുഎസ് ഡോളര്‍ എന്ന നിലയില്‍ ഏകദേശം 44 ബില്യൺ ഡോളർ മൂല്യത്തില്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് കരാറിലെത്തുന്നത്.എന്നാല്‍ ഏറ്റെടുക്കല്‍ കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിന് പിന്നാലെ മസ്‌കിനെതിരെ ട്വിറ്റർ കേസിന് പോയി. പ്ലാറ്റ്‌ഫോമിലെ അഞ്ച് ശതമാനത്തിൽ താഴെയുള്ള അക്കൗണ്ടുകൾ ബോട്ടുകളോ സ്‌പാമോ ആണെന്ന ട്വിറ്ററിന്‍റെ അവകാശവാദത്തിന്‍റെ സത്യാവസ്ഥ അവലോകനം ചെയ്യാൻ തന്‍റെ ടീമിനെ അനുവദിക്കണമെന്ന് കാണിച്ച് മസ്‌ക് നിബന്ധന മുന്നോട്ടുവച്ചതോടെ രംഗം കൂടുതല്‍ വഷളാകുകയായിരുന്നു.
തുടര്‍ന്ന് ജൂണിലാണ് സ്‌പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയിൽ താൻ ആവശ്യപ്പെട്ട ഡാറ്റ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ നൽകാത്തതിനാല്‍ കരാറില്‍ നിന്ന് പുറകോട്ട് പോകുന്നു എന്ന് മസ്‌ക് ഔദ്യോഗികമായി അറിയിക്കുന്നത്. സജീവ ഉപയോക്താക്കളില്‍ ബോട്ടുകളും, വ്യാജ അക്കൗണ്ടുകളും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്ന ട്വിറ്റര്‍ അവകാശവാദത്തില്‍ അവര്‍ ഉപയോഗിച്ച ടെസ്‌റ്റിങ് രീതികളെ കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്ന് മസ്‌ക് ആവശ്യപ്പെട്ടതും ട്വിറ്ററിനെ ചൊടിപ്പിച്ചു.
Also Read: ട്വിറ്റര്‍ ഇടപാടില്‍ കോടതിയും മസ്‌കുമായി പോരാട്ടം മുറുകുന്നു