ഹൈദരാബാദ്:വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന നിഷ്‌ക്രിയമായ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ച് ട്വിറ്റർ. ട്വിറ്റർ സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രവർത്തന രഹിതമായ അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന് അറിയിച്ചത്. സജീവമല്ലാത്ത അക്കൗണ്ടുകൾ ആർക്കൈവ് ചെയ്യുമെന്നും മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ എപ്പോൾ മുതൽ അക്കൗണ്ടുകൾ നീക്കം ചെയ്‌ത് തുടങ്ങും എന്ന കാര്യം മസ്‌ക് വിശദമാക്കിയില്ല.
'വർഷങ്ങളായി ഒരു പ്രവർത്തനവും ഇല്ലാത്ത അക്കൗണ്ടുകൾ ഞങ്ങൾ ശുദ്ധീകരിക്കുകയാണ്, അതിനാൽ നിങ്ങൾ പിന്തുടരുന്നവരുടെ എണ്ണം കുറയുന്നതായി കാണും', മസ്‌ക് ട്വീറ്റ് ചെയ്‌തു. ഒരു ഉപഭോക്താവ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്‌തിരിക്കണമെന്നും, അല്ലെങ്കില്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടും എന്നുമാണ് ട്വിറ്റര്‍ പോളിസിയിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
ബ്ലൂ ടിക്കിന് പണം: കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിരവധി പ്രമുഖരുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇനി മുതൽ പണം നൽകിയവർക്ക് മാത്രമേ ബ്ലൂ വെരിഫിക്കേഷൻ ചിഹ്നം ലഭിക്കുകയുള്ളു എന്ന നിയമം പ്രവർത്തികമാക്കിയതോടെയാണ് പ്രമുഖർക്ക് തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ നഷ്‌ടമായത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജ് നഷ്‌ടമായ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനും ഇന്ത്യയുടെ ബഹിരാകാരശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയ്‌ക്കും ട്വിറ്റർ ബ്ലൂ ടിക് നഷ്‌ടമായി. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, മോഹൻലാൻ, മമ്മൂട്ടി തുടങ്ങിയ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കും ബ്ലൂ ടിക് നഷ്‌ടപ്പെട്ടിരുന്നു.
പണം നൽകുന്നവർക്ക് മാത്രമേ നീല വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂ വേരിഫൈഡ് ചെക്ക് മാർക്കുകൾ ഏപ്രിൽ ഒന്ന് മുതൽ ഒഴിവാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ബ്ലൂ ടിക്ക് നിലനിർത്തണമെങ്കിൽ ട്വിറ്റർ ബ്ലൂവിൽ സൈൻ അപ്പ് ചെയ്യണമെന്നുമായിരുന്നു കമ്പനി അറിയിച്ചത്. ബ്ലൂ ടിക് ലഭ്യമാക്കുന്നതിന് നിശ്ചിത തുകയും ഉപഭോക്താക്കൾ കമ്പനിക്ക് നൽകണം.