ലോസ് ഏഞ്ചൽസ്: തന്‍റെ ട്വിറ്റർ മേധ്വാവിത്വം ഒഴിയണോ എന്ന ചോദ്യവുമായി തിങ്കളാഴ്‌ച ട്വിറ്ററിൽ നടത്തിയ പോളിങ്ങിന്‍റെ ഫലത്തോട് ഒടുവിൽ പ്രതികരിച്ച് ഇലോൺ മസ്‌ക്. പോളിങ്ങിൽ ഭൂരിപക്ഷം ഉപയോക്താക്കളും മസ്‌കിന്‍റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മറുപടിയുമായി മസ്‌ക് എത്തിയത്. ' ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഞാൻ രാജി വയ്‌ക്കും ' എന്നാണ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചത്.
ശേഷം 'താൻ സോഫ്‌റ്റ് വെയർ ആൻഡ് സെർവർ ടീമുകളിൽ മാത്രമേ പ്രവർത്തിക്കൂ' എന്നും മസ്‌ക് എന്ന മൾട്ടി - ബില്യണയർ കൂട്ടിച്ചേർത്തു. മസ്‌കിന്‍റെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നെറ്റിസൺസ് ട്വീറ്റിന് താഴെ പ്രതികരണവുമായി എത്തി. തിങ്കളാഴ്‌ചയായിരുന്നു ഇലോൺ മസ്‌ക് മൈക്രോബ്ലോഗിങ് സൈറ്റിൽ സോഷ്യൽ മീഡിയ മേധ്വാവിത്വം ഒഴിയണോ എന്ന ചോദ്യവുമായി വോട്ടെടുപ്പ് നടത്തിയത്.
ഉപയോക്താക്കളുടെ ആഗ്രഹം എന്തായാലും അത് പാലിക്കുമെന്ന് മസ്‌ക് അതോടൊപ്പം ട്വിറ്ററിൽ കുറിച്ചിരുന്നു. കോടിക്കണക്കിന് പേർ പോൾ ചെയ്‌ത വോട്ടെടുപ്പിൽ 57.5 ശതമാനം ഉപഭോക്താക്കളും ' അതെ '(സ്ഥാനം ഒഴിയണം) എന്നാണ് പ്രതികരിച്ചത്. വോട്ടു രേഖപ്പെടുത്തുമ്പോൾ ശ്രദ്ധിക്കണമെന്നും ചിലപ്പോൾ നിങ്ങളുടെ ആഗ്രഹം നടന്നേക്കാം എന്നും മസ്‌ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു.
ALSO READ:മസ്‌ക് സ്ഥാനം ഒഴിയണമെന്ന് പോളിങ്ങില്‍ ഭൂരിപക്ഷം, പിന്നാലെ തീരുമാനത്തില്‍ നിന്ന് 'യു ടേണ്‍' എടുത്ത് ട്വിറ്റര്‍ സിഇഒ
ഫേസ്‌ബുക്ക്, ഇൻസ്റ്റ ഗ്രാം തുടങ്ങിയ മറ്റു സേഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് ട്വിറ്റർ ഞായറാഴ്‌ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്. ട്വിറ്ററിലെ പ്രധാന നയമാറ്റങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മസ്‌ക് പുതിയ മാറ്റം കൊണ്ടുവന്നത്. കൂടാതെ മസ്‌കിനെ വിമർശിച്ച പല മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.