ഹൈദരാബാദ്: സൈബര്‍ കൊള്ളകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബര്‍ കുറ്റവാളികളുടെ ഭീഷണികള്‍ പലതരത്തില്‍, പല ഭാഗത്ത് നിന്ന് നേരിടുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. മുന്‍കാലങ്ങളില്‍ വ്യാജ ഒപ്പ് ഉണ്ടാക്കി നടത്തിയിരുന്ന തട്ടിപ്പുകള്‍, നൂതന സാങ്കേതിക യുഗത്തില്‍ ഹൈടെക് ആയി മാറി എന്നതാണ് വാസ്‌തവം.
വെര്‍ച്വല്‍ കാലഘട്ടത്തില്‍ കള്ളന്മാര്‍ കൂടുതല്‍ മിടുക്കരായി എന്നതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്‍റനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഐഡന്‍റിറ്റി വെരിഫിക്കേഷനുകള്‍ മോഷ്‌ടിക്കുന്നതാണ് സമകാലിക സൈബര്‍ കൊള്ളക്കാര്‍ പിന്തുടരുന്ന ട്രെന്‍ഡ്. മോഷ്‌ടിച്ച ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിലെ പണം നിമിഷ നേരം കൊണ്ടാണ് ഇത്തരം ഹൈടെക് കള്ളന്മാര്‍ കൈക്കലാക്കുന്നത്. ഇതിന് പുറമെ അക്കൗണ്ട് ഉടമ അറിയാതെ അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാന്‍, ആധാര്‍, ബാങ്ക് സംബന്ധിച്ച വിവരങ്ങള്‍ പങ്കിടരുത്: ഇത്തരം തട്ടിപ്പുകള്‍ക്ക് നേരെ സദാസമയം കണ്ണ് തുറന്ന് പിടിച്ചിരിക്കണം എന്നാണ് നിയമപാലകര്‍ നല്‍കുന്ന നിര്‍ദേശം. പാന്‍, ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്‌ക്കരുത്. ഫോണില്‍, പ്രത്യേകിച്ച് ഓണ്‍ലൈനില്‍ ബന്ധപ്പെടുന്ന ആരെയും വിശ്വസിച്ച് ഇത്തരം നിര്‍ണായക വിവരങ്ങളും രേഖകളും പങ്കിടരുത്. കാരണം ഈ രേഖകള്‍ വച്ച് തട്ടിപ്പുകാര്‍ക്ക് അനായാസം സാമ്പത്തികമായി നിങ്ങളെ വഞ്ചിക്കാന്‍ സാധിക്കും.
ക്രെഡിറ്റ് ബ്യൂറോകളെ സമീപിക്കാം:നിങ്ങളുടെ പേരിലുള്ള ലോണുകളെ കുറിച്ചും കാര്‍ഡുകളെ കുറിച്ചും എളുപ്പത്തില്‍ അറിയാന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സഹായിക്കും. നമ്മുടെ രാജ്യത്ത് പ്രധാനമായും മൂന്ന് ക്രെഡിറ്റ് ബ്യൂറോകളാണുള്ളത്. സിബിൽ, എക്‌സ്‌പീരിയൻ, ഇക്വിഫാക്‌സ് എന്നിവയാണ് അവ. വർഷത്തിൽ ഒരിക്കൽ ഓരോ ക്രെഡിറ്റ് ബ്യൂറോയില്‍ നിന്നും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ കൈപ്പറ്റുക. ഏതെങ്കിലും തരത്തിലുള്ള അനധികൃത അക്കൗണ്ടുകൾ കണ്ടെത്തുകയാണെങ്കിൽ, ഉടൻ ക്രെഡിറ്റ് ബ്യൂറോകളിൽ അറിയിക്കുക. നിങ്ങളുടെ റിപ്പോർട്ടുകളിൽ നിന്ന് അത്തരം അനധികൃത ഇനങ്ങൾ നീക്കം ചെയ്യാനും മറക്കരുത്.
ഏതെങ്കിലും ലോൺ അപേക്ഷ നിങ്ങളുടെ പേരിൽ വരികയോ അല്ലെങ്കിൽ നിങ്ങളുടെ ഐഡന്‍റിറ്റി വിശദാംശങ്ങൾ ഉപയോഗിച്ച് ആരെങ്കിലും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. ഇത് വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നു. നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്‌ടിക്കുന്ന സൈബർ കുറ്റവാളികൾ സാധാരണയായി നിങ്ങളുടെ വിവരങ്ങൾ ഉടനടി ഉപയോഗിക്കാറില്ല. അവർ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കുന്നതാണ് അവരുടെ രീതി. അതിനുശേഷം മാത്രമേ അവർ തട്ടിപ്പ് നടത്തുകയുള്ളൂ. അതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ ഇടക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
അശ്രദ്ധമാകരുത്, ജാഗ്രത വേണം എപ്പോഴും:ഓൺലൈനിലൂടെയും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയും പാനും ആധാറും അയക്കുന്നത് വളരെ സാധാരണമാണ്. എന്നാല്‍ ഇതിന് പിന്നില്‍ മറഞ്ഞിരിക്കുന്നത് വലിയ വിപത്തുകളാണ് എന്നത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. രേഖകള്‍ പങ്കിടുന്നത് നിര്‍ത്തുക എന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. വളരെ അത്യാവശ്യമാണെങ്കില്‍, ഈ വിശദാംശങ്ങൾ അറിയാവുന്ന വ്യക്തികൾക്ക് മാത്രം അയയ്ക്കുക. ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾക്ക് നമ്പറുകളും ചിഹ്നങ്ങളും ഉള്ള ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. നിങ്ങളുടെ ഐഡന്‍റിറ്റി വിശദാംശങ്ങൾ വഞ്ചനയ്ക്ക് വിധേയമാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.
എല്ലാ മുൻകരുതലുകളും എടുത്തിട്ടും നിങ്ങളുടെ ഐഡന്‍റിറ്റി വിശദാംശങ്ങൾ മോഷ്‌ടാക്കളുടെ കൈകളിൽ അകപ്പെട്ടു എന്ന് വന്നാല്‍, നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുക. ഒപ്പം ക്രെഡിറ്റ് ബ്യൂറോകളുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് ഫ്രീസ് ചെയ്യാവുന്നതുമാണ്. നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് കാണുന്നതിൽ നിന്ന് ഇത് മറ്റുള്ളവരെ തടയുന്നു. ഐഡന്‍റിറ്റി മോഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളെയും അറിയിക്കുക.