ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം ഇരുചക്ര വാഹന വിപണിയുടെ വളർച്ച നിരക്ക് കുറയുമെന്ന് റേറ്റിങ് ഏജൻസി ക്രിസിൽ. 10 മുതൽ 12 ശതമാനം വരെ ആയിരിക്കും ഇരുചക്ര വാഹന വിപണിയുടെ വളർച്ചയെന്നാണ് ക്രിസിലിന്‍റെ പ്രവചനം. നേരത്തെ ഇതേ കാലയളവിൽ 18- 20 ശതമാനം വളർച്ച നേടുമെന്നായിരുന്നു ക്രിസിലിന്‍റെ കണക്കുകൂട്ടൽ.
Also Read: 24 മണിക്കൂർ, ഒരു ലക്ഷം ബുക്കിങ്; ഒല ഇ-സ്‌കൂട്ടർ ഹിറ്റാണ്
ഇൻപുട്ട് ചെലവുകൾ വർധിച്ചത് ചൂണ്ടിക്കാട്ടി വാഹനങ്ങൾക്ക് വിലകൂട്ടിയതിനാൽ മൊത്തം വരുമാന വളർച്ച ഉയർന്നിരിക്കുമെന്നും ക്രിസിൽ പറയുന്നു. കൊവിഡ് ഗ്രാമീണ മേഖലയിലെ വരുമാനത്തിന് ഏൽപ്പിച്ച ഇടിവ് 2022ലും പ്രതിഫലിക്കും. കൊവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് ഇരു ചക്രവാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താൻ എടുക്കുന്ന കാലയളവ് വർധിച്ചു. 20-25 ദിവസമായിരുന്നത് ഇപ്പോൾ 40-45 ദിവസമായാണ് വർധിച്ചത്. ബിഎസ് Vlലേക്കുള്ള മാറ്റവും വില്പനയ്‌ക്കുള്ള സമയം വർധിപ്പിച്ചു.
വില്പനയിലുണ്ടായ മാറ്റം
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേർസ് സെസൈറ്റിയുടെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദം ആഭ്യന്തര ഇരുചക്ര വാഹന വിപണിയിൽ 85 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. 2,403,591 വാഹനങ്ങളാണ് വിറ്റത്. 2020-21 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 1,294,509 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. എന്നാൽ കൊവിഡിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് കുറവാണ്. 2019-20 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 5,013,067 യൂണിറ്റ് ആയിരുന്നു ഇരുചക്ര വാഹനങ്ങളുടെ ആകെ വില്പന.