ഏറെ കാത്തിരുന്ന ഒലാ ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 499 രൂപ മുടക്കി ഓൺലൈനിലൂടെ സ്കൂട്ടർ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന പണം 100 ശതമാനവും റീഫണ്ടഫിൾ ആണ്. എന്നാൽ സ്കൂട്ടറുകൾ എന്ന് വിപണിയിൽ എത്തും എന്ന് വ്യക്തമല്ല.
തമിഴ്‌നാട്ടിലെ ഒലയുടെ പുതിയ ഫാക്ടറിയിൽ നിന്നാകും സ്കൂട്ടർ പുറത്തിറങ്ങുക. പൂർണ ശേഷിയിൽ പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ഒല തമിഴ്‌നാട്ടിൽ ആരംഭിക്കുന്നത്. ഉത്പാദനം ആരംഭിച്ച് വൈകാതെ തന്നെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഏറ്റവും വലിയ ഇരുചക്ര നിർമാണ ഫാക്ടറി; ബാങ്ക് ഓഫ് ബറോഡയുമായി വായ്‌പാ കരാറിൽ ഒപ്പിട്ട് ഒല
സ്കൂട്ടറിന്‍റെ പൂർണമായ സവിശേഷതകൾ, വില, ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും തുടങ്ങിയ വിവരങ്ങൾ ഓല പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഏതാനും ചില സൂചനകൾ നൽകിയിട്ടുണ്ട്. കീ ഇല്ലാതെ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സ്റ്റാർട്ടിംഗ് സംവിധാനം, സെഗ്മെന്‍റിലെ ഏറ്റവും വലിയ ബൂട്ട് സ്പെയ്‌സ്, എർഗോണമിക് സീറ്റിംഗ് പൊസിഷൻ എന്നിവ ഓല സ്കൂട്ടറിന്‍റെ സവിശേഷതകളാണ്. വിപണിയിലെ 125 സിസി പെട്രോൾ സ്കൂട്ടറുകളോടാവും ഒല ഇലക്‌ട്രിക് മത്സരിക്കുക.
അതേ സമയം ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ സ്വീകരണമാണ് ഒലയ്‌ക്ക് കിട്ടുന്നത്. വ്യാഴാഴ്‌ച ബുക്കിംഗ് തുടങ്ങിയതോടെ അപ്രതീക്ഷിതമായി ഒരുപാട് ആളുകൾ സ്കൂട്ടർ ബുക്ക് ചെയ്യാൻ ശ്രമിച്ചതോടെ ഒല സൈറ്റ് തടസപ്പെട്ടിരുന്നു. പിന്നീട് വെബ്സൈറ്റിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി ഒല സിഇഒ ഭവേഷ് അഗർവാൾ ട്വിറ്ററിലൂടെ അറിയിച്ചു.