വാഷിങ്‌ടണ്‍:പ്രപഞ്ചത്തിന്‍റെ അനന്തതകളുടെ ദൃശ്യം പകര്‍ത്തുന്ന നാസയുടെ ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പില്‍ നിന്നുള്ള ആദ്യ ദൃശ്യം പുറത്തുവിട്ടു. യുഎസ് പ്രസിഡന്‍റ് ജോബൈഡന്‍ നാസ അഡ്‌മിനിസ്ട്രേറ്റര്‍ ബില്‍നെല്‍സന്‍റെ സാന്നിധ്യത്തില്‍ വച്ചാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്. ശാസ്ത്ര സാങ്കേതിക വിദ്യയ്‌ക്കും ജ്യോതിശാസ്ത്രത്തിനും ഇത് ചരിത്രപരമായ നിമിഷമാണെന്ന് ചടങ്ങില്‍ ജോ ബൈഡന്‍ വ്യക്തമാക്കി.
ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ പ്രപഞ്ചത്തിന്‍റെ ഏറ്റവും അനന്തതയിലുള്ള ചിത്രമാണ് പുറത്തു വിട്ടത്. ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പെടുത്ത കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് വീണ്ടും നാസ പുറത്തിവിടും. പ്രപഞ്ചത്തെ ഇതുവരെ ദര്‍ശിച്ച രീതിയെ തന്നെ മാറ്റിമറിക്കാന്‍ പോകുന്നതാണ് ജെയിംസ് വെബ്‌സ്പേസില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എസ്എംസിഎസ് 0723 എന്ന പേരിലുള്ള ദൃശ്യമാണ് ബൈഡന്‍ പുറത്തിറക്കിയത്.
ഗ്യാലക്‌സികളുടെ ഗുരുത്വാകര്‍ഷണം ലെന്‍സ്: ഈ ചിത്രം ഇതുവരെ പകര്‍ത്തപ്പെട്ട പ്രപഞ്ചത്തിന്‍റെ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ഉള്ളറകളിലേക്ക് പോകുന്നതാണ്. ഇത്രയും ഉള്ളറകളിലേക്ക് പോകാന്‍ സാധിച്ചത് ഒരുകൂട്ടം ഗ്യാലക്‌സികളുടെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ചാണ്. നാനൂറ്കോടി പ്രകാശവര്‍ഷം ദൂരെയുള്ള ഗ്യാലക്‌സികളാണ് ഇവ. ഇവയുടെ ഗുരുത്വാകര്‍ഷണം ബലം ലെന്‍സായി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
ഈ ഗുരുത്വാകര്‍ഷണം ഈ ഗ്യാലക്‌സികളുടെ അപ്പുറത്തുള്ള ഗ്യാലക്‌സികളില്‍ നിന്നുള്ള പ്രകാശത്തെ ഇരട്ടിപ്പിക്കുന്നു. അതുകൊണ്ടാണ് നാനൂറ് കോടി പ്രകാശ വര്‍ഷത്തിനുമപ്പുറമുള്ള ഗ്യാലക്‌സികളുടെ ദൃശ്യം പകര്‍ത്താന്‍ സാധിച്ചത്. ഇങ്ങനെയുള്ള ആയിരകണക്കിന് ഗ്യാലക്സികളാണ് ഈ ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൂടുതല്‍ അനന്തതയിലേക്ക്: ഇനി പുറത്തുവിടാന്‍ പോകുന്ന ചിത്രങ്ങള്‍ ആദ്യ ചിത്രത്തേക്കാളും പ്രപഞ്ചത്തിന്‍റെ അനന്തതയിലേക്ക് പോകുന്നതാണെന്ന് നാസ അറയിച്ചു. ജൂലൈ 12ന് യുഎസിലെ ഈസ്റ്റേണ്‍ സമയം 10.30ന് (ഇന്ത്യൻ സമയം രാത്രി 8.05) ജെയിംസ് സ്‌പേസ് ടെലിസ്‌കോപ്പില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടും. നാസയുടെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ചിത്രങ്ങള്‍ പുറത്തുവിടുന്നതിന്‍റെ ലൈവ്‌സ്ട്രീമിങ് ഉണ്ടാകും.
ഈ ടെലിസ്‌കോപ്പ് ആദ്യ ഘട്ടത്തില്‍ പകര്‍ത്തുക കരീന നെബുല( Carina Nebula), ഡബ്ല്യുഎഎസ്‌പി-96ബി എന്ന ഭീമാകാരനായ സൗരയൂഥത്തിന് അപ്പുറത്തെ ഗ്രഹം, സതേണ്‍ റിങ് നെബുല, അഞ്ച് ഗ്യാലക്‌സികളുടെ കൂട്ടമായ സ്‌റ്റഫന്‍സ് ക്വിന്‍ന്‍റന്‍റ് (Stephan's Quintet) എന്നിവയാണ്. ഭൂമിയില്‍ നിന്ന് 7,600 പ്രകാശവര്‍ഷം ദൂരെയുള്ളതാണ് കരീന നെബുല. ഇവിടെ നിന്ന് നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നു. സൂര്യനേക്കാള്‍ നൂറുകണക്കിന് വലുപ്പമുള്ള നക്ഷത്രങ്ങള്‍ ഈ നെബുലയില്‍ ഉണ്ട്.
ഡബ്ല്യുഎഎസ്‌പി-96ബി കണ്ടെത്തിയത് 2014ലാണ്. ഭൂമിയില്‍ നിന്ന് 1,150 പ്രകാശവര്‍ഷം ദൂരെയാണ് ഈ ഭീമാകാരനായ ഗ്രഹം നില കൊള്ളുന്നത്. എന്നാല്‍ ഇതിന്‍റെ മാസ് സൗരയൂഥത്തിലെ വ്യാഴത്തിന്‍റെ പകുതി മാത്രമെയുള്ളൂ. ഇത് നക്ഷത്രത്തെ വലം വയ്ക്കാന്‍ എടുക്കുന്ന സമയം 3.4 ദവസമാണ്.
ഭൂമിയില്‍ നിന്ന് 2,000 പ്രകാശവര്‍ഷം ദൂരെയാണ് സതേണ്‍ റിങ് നെബുല നില കൊള്ളുന്നത്. 20 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ജെയിംസ് വെബ്‌സ്പേയിസിന് ഉണ്ടെന്ന് നാസ വ്യക്തമാക്കി. പ്രപഞ്ചത്തിന്‍റെ ഏറ്റവും ഉള്ളറകളിലേക്ക് പോകാന്‍ സാധിക്കുന്നതിലൂടെ മഹാവിസ്‌ഫോടനം നടന്ന് തൊട്ടടുത്തുള്ള നിമിഷങ്ങളാണ് ജെയിംസ് വെബ്‌സ്പെയിസ് പകര്‍ത്താന്‍ പോകുന്നതെന്ന് നാസ അറിയിച്ചു. ശതകോടികണക്കിന് പ്രാകാശവര്‍ഷം ദൂരെയുള്ള മങ്ങിയ ഗ്യാലക്‌സികളുടെ ചിത്രങ്ങള്‍ ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക് പകര്‍ത്താന്‍ സാധിക്കും.