ബെംഗളൂരു: കർണാടകയിൽ 300 ഏക്കറിൽ പുതിയ ഫാക്‌ടറി സ്ഥാപിക്കാനൊരുങ്ങി ലോകത്തെ തന്നെ ഏറ്റവും വലിയ സ്‌മാർട്ട് ഫോണ്‍ നിർമാതാക്കളായ ആപ്പിൾ. കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. പുതിയ ഫാക്‌ടറി സ്ഥാപിക്കുന്നതോടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
'കർണാടകയിൽ 300 ഏക്കറിൽ നിർമിക്കുന്ന പുതിയ ഫാക്‌ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ഇരട്ട എഞ്ചിൻ, സർക്കാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കർണാടകയിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാൻ പ്രവർത്തിക്കുന്നു', രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
അതേസമയം വിശദാംശങ്ങളിലേക്ക് കടക്കാതെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പദ്ധതിയെക്കുറിച്ചുള്ള ചെറിയ വിവരം പങ്കുവച്ചു. 'സംസ്ഥാനത്ത് ആപ്പിൾ ഐഫോണുകൾ ഉടൻ നിർമിക്കും. ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് പുറമെ ഇത് കർണാടകയ്‌ക്ക് ധാരാളം അവസരങ്ങളും സൃഷ്‌ടിക്കും.
ദീർഘവീക്ഷണമുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ 2025 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുന്നതിനായി ഞങ്ങൾ പരിശ്രമിക്കും', ബൊമ്മൈ ട്വീറ്റ് ചെയ്‌തു.
സ്ഥലം സന്ദർശിച്ച് ഫോക്‌സ്‌കോൺ ഗ്രൂപ്പ്: ഇതിനിടെ വെള്ളിയാഴ്‌ച ആപ്പിൾ ഇൻക് പങ്കാളിയായ ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിന്‍റെ (ഫോക്‌സ്‌കോൺ) പ്രതിനിധി സംഘം, ചെയർമാൻ യംഗ് ലിയുവിന്‍റെ നേതൃത്വത്തിൽ ബെംഗളൂരുവിലെത്തിയിരുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ കർണാടക ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി സി എൻ അശ്വത് നാരായണ്‍ സ്വാഗതം ചെയ്‌തു.
തുടർന്ന് ഫാക്‌ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘം മന്ത്രി സി എൻ അശ്വത് നാരായണുമായി പ്രാഥമിക ചർച്ച നടത്തി. സംസ്ഥാനത്ത് ആപ്പിൾ ഫോൺ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം പരിശോധിക്കാനാണ് സംഘത്തെ കൊണ്ടുപോയതെന്ന് മന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു. ബെംഗളൂരു ആഗോള കമ്പനികളുടെ ഇഷ്‌ടകേന്ദ്രമാണെന്നും നിക്ഷേപകരെ ആകർഷിക്കുന്നതിൽ മുൻനിരയാണെന്നും ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിന്‍റെ ചെയർമാൻ യംഗ് ലിയുവും വ്യക്‌തമാക്കിയിരുന്നു.
700 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം: ഐഫോണ്‍ നിർമാണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് 700 മില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയായാൽ ഫോക്‌സ്‌കോൺ ഇതുവരെ ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കൂടാതെ ആപ്പിളിന്‍റെ പുതിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമിക്കുമെന്നും സൂചനയുണ്ട്.
ചൈനയെ ഉപേക്ഷിക്കാൻ ആപ്പിൾ: തങ്ങളുടെ മൊത്തം ഉത്‌പാദനത്തിന്‍റെ നാലില്‍ ഒന്ന് ഇന്ത്യയില്‍ നടത്താൻ ആപ്പിള്‍ ആലോചിക്കുന്നു എന്ന കാര്യം 2022 അവസാനത്തോടെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വെളിപ്പെടുത്തിയിരുന്നു. ആപ്പിൾ ഇതിനകം തന്നെ അവരുടെ ഉത്പാദനത്തിന്‍റെ അഞ്ച് ശതമാനം മുതൽ ഏഴ് ശതമാനം വരെ ഉത്‌പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്.
ഇപ്പോൾ ഉത്‌പാദനത്തിന്‍റെ 25 ശതമാനം വരെ ഇന്ത്യയില്‍ എത്തിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. സീറോ-കൊവിഡ് നയം മൂലം ചൈനയിൽ നിന്നുള്ള നിര്‍മാണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഫോക്‌സ്‌കോൺ ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.