വാഷിങ്ടണ്‍: അമേരിക്കന്‍ ടെക്ക് ഭീമനായ ആപ്പിളിന്‍റെ ചില ഉപകരണങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനയ്‌ക്ക് പകരം മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രധാനമായും ഇന്ത്യയിലും വിയറ്റ്നാമിലും ഉത്പാദനം കൊണ്ടുവരാന്‍ കമ്പനി വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോക്സ്കോൺ ടെക്‌നോളജി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള തായ്‌വാനീസ് അസംബ്ലർമാരെ ആശ്രയിച്ചിരിക്കുന്നത് കുറയ്ക്കുവാനാണ് ആപ്പിളിന്‍റെ നീക്കം.
ചൈനയുടെ നിലവിലെ ആപ്പിള്‍ നിര്‍മാണ യൂണിറ്റായ ഷെങ്ഷൂ ഐഫോണ്‍ സിറ്റി പ്ലാന്‍റില്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്പാദനം മാറ്റാന്‍ പദ്ധതിയിടുന്നത്. ചൈനയിൽ, ഐഫോണിന്‍റെയും മറ്റ് ആപ്പിൾ ഉത്‌പന്നങ്ങളുടെയും നിര്‍മാണത്തിനായി 300,000 തൊഴിലാളികളാണ് ഷെങ്ഷൂവിലെ ഫോക്‌സ്‌കോണിന്‍റെ നേതൃത്വത്തിലുള്ള ഫാക്‌ടറിയില്‍ ജോലി ചെയ്‌തു വരുന്നത്. ഷെങ്ഷൂവിലെ ആപ്പിള്‍ പ്ലാന്‍റായിരുന്നു ഒരു ഘട്ടത്തിൽ, ഐഫോണുകളുടെ പ്രോ ലൈനപ്പിന്‍റെ 85 ശതമാനത്തിന്‍റെയും പങ്ക് വഹിച്ചിരുന്നതെന്ന് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്‍റെ റിസർച്ച് പറയുന്നു.