വാഷിങ്‌ടണ്‍: ഓണ്‍ലൈന്‍ പേയ്മെന്‍റ് സേവനമായ 'ആപ്പിള്‍ പേ' ഇനി ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില്ല ഫയർഫോക്‌സ് എന്നിവയിലും ലഭ്യമായി തുടങ്ങി. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്‌റ്റത്തിന് അനുയോജ്യമായി വികസിപ്പിച്ച് ലഭ്യമാക്കിയിരുന്ന ആപ്പിള്‍ ഇന്‍ കോര്‍പ്പിന്‍റെ സേവനമാണ് ഇതോടെ കൂടുതല്‍ പേരിലേക്ക് എത്തുക. മാക് റുമേഴ്‌സിനു വേണ്ടി ദി വെര്‍ജിന്‍റെ സ്‌റ്റീവ് മോസറാണ് 'ആപ്പിള്‍ പേ' മറ്റു ബ്രൗസറുകളിലും പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്‌റ്റം 16 ബീറ്റ ഫോറില്‍ ഈ സേവനം മൈക്രോസോഫ്‌റ്റ് എഡ്‌ജ് വഴിയും ക്രോം വഴിയും ലഭിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. സേവനം എഡ്‌ജ് മാര്‍ഗം ഉപയോഗിക്കുമ്പോള്‍ 'ആപ്പിള്‍ പേ വഴി തുടരണമോ' എന്ന ഓപ്‌ഷന്‍ ലഭിക്കുന്ന സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
"ഐഒഎസിന്‍റെ 16-ാം ബീറ്റ ഓപ്പറേറ്റിങ് സിസ്‌റ്റത്തില്‍ 'ആപ്പിള്‍ പേ' എഡ്‌ജ് വഴിയും ക്രോം വഴിയും ലഭിക്കുന്നു, ഇത് മറ്റു മൂന്നാംനിര ബ്രൗസറുകളിലും ലഭ്യമാകുമെന്നാണ് എന്‍റെ കണ്ടെത്തല്‍. ഓപ്പറേറ്റിങ് സിസ്‌റ്റം 15 ല്‍ ആപ്പിള്‍ പേ സഫാരിയില്‍ മാത്രമേ ഉപയോഗിക്കാനാകൂ" എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മൈക്രോസോഫ്‌റ്റിന്‍റെ ബീറ്റ ഓപ്പറേറ്റിങ് സിസ്‌റ്റത്തില്‍ ഇത് ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം തുടര്‍ന്നുള്ള ട്വീറ്റില്‍ അറിയിച്ചു.