കുപെർട്ടിനോ (യുഎസ്) : മികച്ച ഫീച്ചറുകളോടെ പുറത്തിറക്കിയ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണുകൾക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ വില തന്നെ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെ എല്ലാ അസംസ്‌കൃത വസ്‌തുക്കൾക്കും വില വർധനവുണ്ടായിട്ടും ആപ്പിൾ മുന്‍ വിലയിൽ തുടരുകയാണ്. മികച്ച ക്യാമറകൾ, വേഗതയേറിയ പ്രൊസസ്സറുകൾ, ഈടുനിൽക്കുന്ന ബാറ്ററി എന്നിവയെല്ലാം ആപ്പിള്‍ പുതിയ ഫോണുകളിൽ അവതരിപ്പിക്കുന്നുണ്ട്.
ആപ്പിൾ പുതിയ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം എങ്കിലും വില വർധിപ്പിക്കുമെന്നാണ് വിദഗ്‌ധർ പ്രവചിച്ചത്. എന്നാൽ ഇതെല്ലാം തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു ഐഫോൺ 14 ന്‍റെ ലോഞ്ചിംഗ്. 799 യുഎസ് ഡോളർ മുതലാണ് ഐഫോൺ 14 ന്‍റെ വില.
ഡീലക്‌സ് ഐഫോൺ 14 പ്രോ മാക്‌സ് 1099 ഡോളറിൽ ആരംഭിക്കും. 48 മെഗാപിക്‌സൽ ക്യാമറയാണ് പ്രോ,പ്രോ മാക്‌സ് മോഡലുകളിൽ ഉള്ളത്. ഐഫോൺ 13 മോഡലുകളിൽ 12 മെഗാപിക്‌സൽ ക്യാമറകളും.
നവംബർ മുതൽ ഐഫോൺ 14 പ്രോയിലും പ്രോ മാക്‌സിലും സാറ്റലൈറ്റ് ഫീച്ചർ വഴി എസ്ഒഎസ് സന്ദേശങ്ങൾ അയക്കാൻ സാധിക്കും. ഇത് വയർലെസ് കണക്ഷനില്ലാതെ വിദൂര പ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ പരസ്‌പരം ബന്ധപ്പെടാൻ ഉപഭോക്താക്കളെ സഹായിക്കും. ഐഫോൺ 14 മോഡലുകളിൽ കാർ അപകടങ്ങൾ കണ്ടെത്താനും അടിയന്തിര സേവനങ്ങളിലേക്ക് സ്വയം കണക്‌റ്റ് ചെയ്യാനും കഴിയുന്ന ഒരു മോഷൻ സെനർ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിലക്കയറ്റ സാഹചര്യത്തില്‍ ആൻഡ്രോയിഡ് സ്‌മാർട്ട്ഫോൺ വിൽപ്പനകളിൽ ഇടിവ് അനുഭവപ്പെട്ടപ്പോഴും ഐഫോൺ പിടിച്ചുനിന്നിട്ടുണ്ട്. 2022 ൽ ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ 6.5 ശതമാനം ഇടിവാണ് ഇന്‍റർനാഷണൽ ഡാറ്റ കോർപറേഷൻ പ്രവചിച്ചത്. വിപണിയിലെ ഏറ്റവും ഉയർന്ന വില തന്നെയാണ് ഇപ്പോഴും ആപ്പിൾ ഈടാക്കുന്നത്.
എന്നിട്ടും വിപണിയിൽ ഐഫോണിന്‍റെ ഉപഭോക്താക്കൾക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. മറ്റൊരു ഗവേഷണ സ്ഥാപനമായ കനാലിസിന്‍റെ കണക്കനുസരിച്ച്, ഈ വർഷം ആദ്യ പകുതിയിൽ ആപ്പിൾ 106 ദശലക്ഷം ഐഫോണുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ എട്ട് ശതമാനം വർദ്ധനവാണിത്.