കാലിഫോർണിയ : ടെക് ലോകത്തിന്‍റെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് ഐഫോണ്‍ 15 ശ്രേണിയില്‍ ഉള്‍പ്പെട്ട പുതിയ മോഡൽ ഫോണുകള്‍, ആപ്പിള്‍ വാച്ച് സീരിസ് 9 എന്നിവ ആപ്പിള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലുകളാണ് ഇന്നലെ നടന്ന 'വണ്ടർലസ്റ്റ്' ഇവന്‍റിൽ അവതരിപ്പിച്ചത്. ഐഫോണ്‍ 15ല്‍ 48 എംപി പ്രധാന കാമറയും 2x ടെലിഫോട്ടോ ഫീച്ചറും അടങ്ങുന്ന മികച്ച കാമറ സംവിധാനം, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് സൗകര്യവും പുതിയ മോഡലുകളെ വ്യത്യസ്‌തമാക്കുന്നു.
കഴിഞ്ഞ വർഷമിറങ്ങിയ പ്രോ മോഡലുകളുടെ മാത്രം പ്രത്യേകതയായിരുന്ന എ16 ബയോണിക് ചിപ്, ഡൈനാമിക് ഐലൻഡ് എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ സീരിസിലെ എല്ലാ ഫോണുകളും പുറത്തിറക്കിയിട്ടുള്ളത്. നോട്ടിഫിക്കേഷനുകൾ, ബാറ്ററി ചാർജിങ് നില, ഡാറ്റ ഉപഭോഗം എന്നിവയടയ്‌ക്കമുള്ള കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന മിനി ക്യാപ്‌സ്യൂൾ രൂപത്തിലുള്ള കട്ട്ഔട്ടാണ് ഡൈനാമിക് ഐലൻഡ് എന്ന് പറയുന്നത്.
ഐഫോൺ 15 ,ഐഫോൺ 15 പ്ലസ് മോഡലുകളിലെ പ്രാഥമിക കാമറ 2um ക്വാഡ് പിക്‌സൽ സെൻസറും f/1.6 അപ്പേർച്ചറുമുള്ള 48 മെഗാപിക്‌സൽ വൈഡ് ആംഗിൾ കാമറയാണ്. സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസേഷനും എഫ്/1.6 അപ്പേർച്ചറുമുള്ള 12 മെഗാപിക്സൽ അൾട്ര വൈഡ് കാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഡൈനാമിക് ഐലന്‍ഡിൽ 12 മെഗാപിക്സൽ ട്രൂ ഡെപ്‌ത് കാമറയാണ് ഒരുക്കിയിട്ടുള്ളത്.
ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളിൽ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേയില്‍ 1600 നിറ്റ്‌സ് എച്ച്‌ഡിആര്‍ ബ്രൈറ്റ്‌നെസ് ഉണ്ട്. വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് വരെ ലഭിക്കും. ഇത് പഴയ മോഡലായ 14 സിരീസിന്‍റെ ഇരട്ടിയാണ്. ക്രാഷ് ഡിറ്റക്ഷൻ 3, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് എന്നിവ ഉൾപ്പെടെ അടിയന്തിര സാഹചര്യത്തിൽ സഹായം നൽകുന്നതിനുള്ള നിർണായക സുരക്ഷ മാർഗങ്ങളും ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ 14 രാജ്യങ്ങളിലാണ് ഈ സംവിധാനം ലഭ്യമാകുക.
ഐഫോണ്‍ 15 ശ്രേണിയിലെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് സംവിധാനമാണ് നൽകിയിട്ടുള്ളത്. ഇതോടെ, ഐഫോൺ 15, പ്ലസ് മോഡലുകള്‍ ലൈറ്റ്‌നിങ് ചാർജിങ് പോർട്ട് ഇല്ലാതെയെത്തുന്ന ആദ്യ ഹാൻഡ്‌സെറ്റുകളായി മാറി. 2012ൽ പുറത്തിറക്കിയ ഐഫോൺ 5 മോഡലിലാണ് ആപ്പിൾ ആദ്യമായി ലൈറ്റ്‌നിങ് ചാർജിങ് പോർട്ട് അവതരിപ്പിച്ചത്. കൂടാതെ, മാക്, ഐപാഡ്, എയര്‍പോഡ് പ്രോ (രണ്ടാം തലമുറ) എന്നിവയിലും ടൈപ്പ് സി ആണുള്ളത്. ഇവയ്‌ക്കെല്ലാം ഒരേ ടൈപ്പ് സി ചാര്‍ജര്‍ ഉപയോഗിക്കാനാവുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം മാഗ്‌സേഫ് ചാര്‍ജിങ് സൗകര്യവും ഫ്യൂച്ചര്‍ ക്യു12 വയര്‍ലസ് ചാര്‍ജിങ് സംവിധാനവും ഫോണുകളിലുണ്ടാകും.
നീല, കറുപ്പ്, പിങ്ക്, മഞ്ഞ, പച്ച നിറങ്ങളിലാണ് ഫോണുകൾ വിപണിയിലെത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുകയെന്ന് ആപ്പിൾ അധികൃതർ അറിയിച്ചു. ഐഫോണ്‍ 15ന്‍റെ 128 ജിബി മോഡലിന് 799 യുഎസ് ഡോളർ (ഏകദേശം 67,000 രൂപ) മുതലും ഐഫോണ്‍ 15 പ്ലസിന്‍റെ 128 ജിബി പതിപ്പിന് യുഎസ് ഡോളർ 899 (ഏകദേശം 74,000 രൂപ) മുതലുമാണ് വില ആരംഭിക്കുന്നത്.